- ഐ.എസ്.എൽ ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് അവസാനിക്കും
ചെന്നൈ??- ഐ.എസ്.എല്ലിൽ ചെന്നൈയൻ എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് മുംബൈയെ തോൽപ്പിച്ചതോടെ കോളടിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിന്. ഇതോടെ മുംബൈക്ക് മുകളിൽ ആറാം സ്ഥാനക്കാരായി സൂപ്പർ കപ്പിലേക്ക് യോഗ്യത നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. വിജയത്തോടെ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാൻ ചെന്നൈക്കുമായി.
ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 67ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച റെനെ മിഹേലിച്ചാണ് ആതിഥേയരുടെ വിജയ ഗോൾ നേടിയത്. ഗോൾ മടക്കാൻ മുംബൈക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം അകന്നു.
ഈ വിജയത്തോടെ 18 കളികളിൽനിന്ന് 32 പോയന്റുമായാണ് ചെന്നൈയൻ രണ്ടാം സ്ഥാനത്തെത്തിയത്. 30 പോയന്റുള്ള പൂനെ മൂന്നാം സ്ഥാനക്കാരായി.
ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങൾ നടക്കുന്ന ഇന്ന് ഗോവ ജംഷെഡ്പുർ മത്സരം നിർണായകമാവും. ജയിക്കുന്ന ടീം സെമിയിലെത്തും. ഒരു പോയന്റ് കൂടുതലുള്ളതിനാൽ സമനിലയായാലും ഗോവക്ക് മുന്നേറാം. നിലവിൽ ഗോവക്ക് 27ഉം ജംഷെഡ്പുരിന് 26ഉം പോയന്റാണ്. ബ്ലാസ്റ്റേഴ്‌സിന് 25 പോയന്റുള്ളപ്പോൾ, മുംബൈക്ക് 23 ആണ്.
നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയും, നോർത്ത് ഈസ്റ്റും തമ്മിൽ നടക്കുന്ന ഇന്നത്തെ രണ്ടാം മത്സരം ലീഗ് റൗണ്ടിലെ അവസാനത്തേതാണ്. ലീഗിലെ അവസാനക്കാർ ആരെന്ന് കണ്ടെത്തുക എന്ന പ്രസക്തി മാത്രമേ മത്സരത്തിനുള്ളു. നിലവിൽ 13 പോയന്റുള്ള എ.ടി.കെ ഒമ്പതാമതും, 11 പോയന്റുള്ള നോർത്ത് ഈസ്റ്റ് പത്താമതുമാണ്.