കോഴിക്കോട്- കെ .റെയിലിന് വേണ്ടി കേരള സർക്കാറും സി.പി.എമ്മും അരയും തലയും മുറുക്കി രംഗത്തുവരുമ്പോൾ ഏറ്റവും വലിയ തടസ്സം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. പരിഷത്തിൽ ഭിന്നിപ്പുണ്ടാക്കി കീഴ്‌പ്പെടുത്താനുള്ള നീക്കം സി.പി.എം ആരംഭിച്ചു കഴിഞ്ഞു.
സി.പി.എമ്മിന്റെ പോഷക സംഘടനകളെ പോലെ പ്രവർത്തിച്ചുവന്നിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട് കെ. റെയിലിനെ എതിർക്കുന്ന പ്രതിപക്ഷത്തിന് വലിയ ആയുധമാണ്. പരിഷത്ത് തയ്യാറാക്കിയ ലഘുലേഖയാണ് പദ്ധതിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഏക ആധികാരിക രേഖ.
അതേസമയം പരിഷത്തിൽ മധ്യ നിര നേതാക്കൾക്കിടയിൽ കെ. റെയിലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ഉണ്ട്. പ്രധാനമായും സർക്കാറുമായി കൊമ്പുകോർക്കുന്ന തരത്തിൽ പോയിക്കൂടാ എന്നതാണ് ഇവരുടെ വാദം. പിണറായി വിജയന്റെ നേതൃത്വത്തിലെ സർക്കാറിനെ പരിഷത്തിന്റെ വരുതിയിലേക്ക് കൊണ്ടുവരിക പ്രയാസമാണെന്ന് ഇവർ പറയുന്നു. അതേസമയം സംസ്ഥാന സർക്കാറിന്റെ വിവിധ പദ്ധതികളുടെ ആസൂത്രകരും നടത്തിപ്പുകാരും പരിഷത്തുകാരാണ്. തദ്ദേശ ഭരണം, വിദ്യാഭ്യാസം, സാംസ്‌കാരികം വകുപ്പുകളിൽ നയരൂപീകരണവും നിർവഹണവും പരിഷത്തിനെ ഏൽപിക്കുന്ന പതിവിൽ ഈ ഇടതു സർക്കാറും മാറ്റം വരുത്തിയിട്ടില്ല.
വിദ്യാഭ്യാസ വകുപ്പിൽ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സർക്കാറുമായി ഇടഞ്ഞാൽ ഇതിന്റെയെല്ലാം കടിഞ്ഞാൺ മറ്റു തൽപരകക്ഷികളുടെ കൈയിലാവും. ഈ സാഹചര്യത്തിൽ പ്രത്യക്ഷ ഇടപെടലിലേക്ക് പോകരുതെന്ന് മധ്യനിര നേതാക്കൾ പറയുമ്പോൾ അംഗീകരിക്കാൻ മുൻനിര നേതാക്കൾ തയ്യാറായിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി പരസ്യ പ്രസ്താവന പരിഷത്ത് പുറപ്പെടുവിച്ചു കഴിഞ്ഞു. ലഘുലേഖ പ്രസിദ്ധീകരിച്ചതിന് പുറമെ പദ്ധതിയെ എതിർക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളും പരിഷത്തുകാരുടേതായി വന്നുകൊണ്ടിരിക്കുകയാണ്.
ജനകീയ ശാസ്ത്ര രംഗത്ത് പരിഷത്തിന്റെ മുഖങ്ങളായ ഡോ.ആർ.വി.ജി. മേനോൻ, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവരുടെ അഭിമുഖങ്ങൾ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വരുന്നു. പദ്ധതിയെ എതിർക്കുന്ന ഇന്ത്യൻ റെയിൽവെ മുൻ ചീഫ് എഞ്ചിനീയർ അലോക്കുമാർ വർമയുടെ ലേഖനം പരിഷത്തിന്റെ വെബ് സൈറ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
സ്റ്റാന്റേർഡ് ഗേജിനെ നിശ്ചയിച്ചതു മുതൽ അലൈൻമെന്റ് തീരുമാനിച്ചത് വരെ വിദേശ വായ്പയെയും കച്ചവടത്തെയും മുന്നിൽ കണ്ടാണെന്ന് അലോക് കുമാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ റെയിൽവെ ലൈനിനോട് ചേർന്നും അതിന്റെ വികസനത്തിൽ ഭാവിയിൽ ചേരാവുന്നതുമായ നിലയിലാണ് റെയിൽ വികസനം വരേണ്ടതെന്നും ഇല്ലെങ്കിൽ വൻ പാരിസ്ഥിതികാഘാതത്തിന് പുറമെ സാമ്പത്തിക പരാധീനതക്കും വഴിവെക്കും. കൊച്ചി മെട്രോ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ പ്രകൃതിക്കും സാമ്പത്തികാവസ്ഥക്കും യോജിച്ച പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടതെന്നും പരിഷത്ത് പറയുന്നു.
കെ.റെയിൽ വിരുദ്ധ പോരാട്ടത്തിൽ പരിഷത്തിന്റെ സാന്നിധ്യത്തെ അവഗണിച്ച് യു.ഡി.എഫിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ചൂണ്ടിക്കാട്ടി മുന്നോട്ട് പോകാനായിരുന്നു സി.പി.എം ശ്രമിച്ചത്. ബി.ജെ.പിയും പദ്ധതിക്ക് എതിരാണെന്ന് പറയുന്നുണ്ടെങ്കിലും റെയിൽ മന്ത്രാലയത്തിന്റെ നിലപാട് ബി.ജെ.പിയെ കൂടി സംശയത്തിൽ നിർത്തുന്നു. പിണറായി വിജയൻ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ കെ.റെയിൽ കേരളത്തെ രണ്ടു ചേരിയാക്കുമെന്നത് ഉറപ്പാണ്. ആരെതിർത്താലും നടപ്പാക്കുമെന്ന് പറഞ്ഞാണ് പിണറായി അമേരിക്കക്ക് പോയത്. എതിർക്കുന്ന എഴുത്തുകാരെയും സാംസ്‌കാരിക നായകരെയും വ്യക്തികളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിപാടി തന്നെ സി.പി.എമ്മിനുണ്ട്.
അതിനിടെ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാമോ എന്ന അന്വേഷണം സി.പി.എം നടത്തുകയാണ്. വൈകാതെ ചില സൂചനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.