Sorry, you need to enable JavaScript to visit this website.

കെ.ഇ. ഇസ്മായിലിനെതിരെ  അച്ചടക്ക നടപടിക്ക് സാധ്യത

മലപ്പുറം- സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിലിനെതിരെ അച്ചടക്ക നടപടിക്കുള്ള സാധ്യത വർധിച്ചു. മൂന്നു ദിവസമായി മലപ്പുറത്ത് നടന്നു വരുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ തന്നെ ഇസ്മായിലിനെതിരെ പരാമർശങ്ങളുണ്ടായത് നടപടികളുടെ സൂചനയാണ്. ഇസ്മായിൽ വിഭാഗത്തെ നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ വിവിധ ജില്ലാ സമ്മേളനങ്ങളിൽ തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിൽ നേതൃത്വം ഇസ്മായിലിനെതിരെ ഔദ്യോഗികമായി തന്നെ ആരോപണമുന്നയിച്ചു. ഇതോടെ സമ്മേളന പ്രതിനിധികളിൽ ഭൂരിഭാഗവും പാർട്ടി നിലപാടിനൊപ്പം നിൽക്കുകയായിരുന്നു.
അതേസമയം, ഇസ്മായിലിനെ പ്രതികൂട്ടിലാക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം സ്വീകരിച്ച തന്ത്രം സംസ്ഥാന സമ്മേളനത്തിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്മായിലിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നതിന് പകരം കൺട്രോൾ കമ്മീഷന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് കീഴ് വഴക്കങ്ങളില്ലാത്ത നടപടിയാണെന്നും കൺട്രോൾ കമ്മീഷന്റെ പേര് പറഞ്ഞ് ഇസ്മായിലിനെതിരെ നടപടിക്കുള്ള ശ്രമമാണിതെന്നുമാണ് വിമതപക്ഷത്തിന്റെ ആരോപണം.
ഇസ്മായിലിന്റെ നിലപാടുകൾ പാർട്ടി നയത്തിനെതിരാണെന്ന വിമർശനം സമ്മേളനത്തിന് മുമ്പു തന്നെ പാർട്ടിയിലുണ്ട്. ഗൾഫ് മേഖലയിൽ പണപ്പിരിവ് നടത്തിയെന്നും ആഡംബര ജീവിതം നയിക്കുന്നുവെന്നതുമാണ് പ്രധാന ആരോപണം. അതേസമയം തന്നെ ഒറ്റപ്പെടുത്താൻ പാർട്ടിയിൽ ശ്രമം നടക്കുന്നുവെന്നാണ് ഇസ്മായിൽ ആരോപിക്കുന്നത്. താൻ ന്യൂനപക്ഷ വിഭാഗക്കാരനായതിനാൽ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം പാർട്ടി ദേശീയ നേതാക്കളെ കണ്ട് ഇസ്മായിൽ പരാതിപ്പെട്ടതായാണ് അറിയുന്നത്. മുമ്പ് അഡ്വ.കെ.എൻ.എ.ഖാദറിനെയും അഡ്വ.എം.റഹ്മത്തുല്ലയെയും തഴഞ്ഞതുപോലെ തന്നെയും ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ഇസ്മായിൽ പരാതിപ്പെട്ടിരുന്നു.
ഇസ്മായിലിനെതിരായ കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് ദേശീയ നേതൃത്വത്തിന് കൈമാറാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ നടപടിയെടുക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് പങ്കില്ലെന്ന് സ്ഥാപിക്കാനാകും. സംസ്ഥാന സമ്മേളനത്തിന് ശേഷം കൊല്ലത്ത് നടക്കാനിരിക്കുന്ന ദേശീയ പാർട്ടി കോൺഗ്രസിൽ ഇസ്മായിലിനെതിരെ നടപടിയുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.
സമ്മേളനത്തിൽ ഇന്നലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകളാണ് നടന്നത്. പ്രവർത്തന റിപ്പോർട്ട്,  വരവുചെലവ് കണക്കുകൾ, ഓഡിറ്റ് റിപ്പോർട്ട് എന്നിവയുടെ ചർച്ചകൾ ക്രോഡീകരിച്ച് സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിച്ചു. പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 2016 ൽ 124829 ആയിരുന്ന മെമ്പർഷിപ്പ് 2017 ൽ 133410 ആയി വർധിച്ചിട്ടുണ്ട്.വനിതകൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, ദളിതർ, ആദിവാസികൾ തുടങ്ങിയ ജനവിഭാഗങ്ങളിൽ വർധിത സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന ആവശ്യം ചർച്ചകളിൽ ഉയർന്നുവന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27 സീറ്റിൽ മത്സരിച്ച പാർട്ടിയുടെ 19 സ്ഥാനാർഥികൾ വിജയിച്ചു. വിജയശതമാനം 70.37 ആയിരുന്നു. എൽ.ഡി.എഫ് രൂപീകൃതമായതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രാതിനിധ്യമാണ് ഇത്. പാർട്ടിയുടെ സാന്നിധ്യം എല്ലാ പഞ്ചായത്തുകളിലും ഉറപ്പുവരുത്തുക എന്നതായിരിക്കും സംഘടനാപരമായ അടിയന്തര ലക്ഷ്യം. ജനസേവാദളിന്റെ പ്രവർത്തനം നിരന്തരവും വ്യാപകവുമാക്കും. കാർഷിക മേഖലയടക്കം സമസ്ത സാമ്പത്തിക മേഖലയിലും കലാസാംസ്‌കാരിക ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും പരിസ്ഥിതി പാലിയേറ്റീവ് കെയർ മേഖലകളിലും പ്രവർത്തനം വിപുലീകരിക്കും. സാമൂഹിക പ്രശ്‌നങ്ങളിൽ പാർട്ടി ഇടപെടൽ വ്യാപകമാക്കുന്നതിൽ കർമ്മപരിപാടികൾക്ക് രൂപം നൽകണമെന്നും ചർച്ചകളിൽ ആവശ്യമുയർന്നു. 

 

Latest News