കോട്ടയം- പാമ്പുപിടിത്തത്തിനിടെ ഉഗ്രവിഷമുളള മൂർഖൻ പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് അപകട നില തരണം ചെയ്തുവെന്നു പറയാറായിട്ടില്ല. വരും മണിക്കൂറുകൾ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കുറിച്ചി പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചലശേരി പാട്ടാശേരിൽ പഞ്ചായത്ത് മുൻ ഡ്രൈവർ നിജുവിന്റെ വീട്ടിൽ പാമ്പിനെ പിടികൂടാൻ എത്തിയപ്പോഴാണ് വാവാ സുരേഷിനാണ് കടിയേറ്റത്.പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ ആദ്യം കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുറിച്ചി പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചലശേരിയിൽ പാട്ടാശേരിൽ പഞ്ചായത്ത് മുൻ ഡ്രൈവർ നിജുവിന്റെ വീട്ടിൽ പാമ്പിനെ പിടികൂടാൻ എത്തിയപ്പോഴാണ് വാവാ സുരേഷിനാണ് പാമ്പ് കടിയേറ്റത്. നാലു ദിവസങ്ങൾക്ക് മുൻപ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് മുതൽ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താൻ ശ്രമിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സുരേഷ് സ്ഥലത്ത് എത്തിയത്. പിടികൂടിയ പാമ്പിനെ ചാക്കിനുള്ളിലേക്ക് ഇടാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന് പാമ്പിന്റെ കടിയേറ്റത്. മുട്ടിന് മുകളിലായി തുടയിലാണ് ആഴത്തിലുള്ള കടിയേറ്റത്.ഇതിനിടെ സുരേഷിന്റെ കയ്യിൽ നിന്നും പാമ്പ് തിരികെ കല്ലിനിടയിലേക്ക് തന്നെ പോയി. ഇതിനെ പിന്തുടർന്ന സുരേഷ് വീണ്ടും പാമ്പിനെ പിടികൂടി ചാക്കിനുള്ളിലാക്കിയ ശേഷം തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സുരേഷ് ബോധരഹിതനാവുകയായിരുന്നു
അതേസമയം അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലന്ന് മെഡിക്കൽ കോളജ് ആശപത്രിയിലെത്തിയ മന്ത്രി വി എൻ വാസവൻ അറിയിച്ചു.ഹൃദയത്തിന്റെ നില സാധാരണ നിലയിലായിട്ടുണ്ട്.എന്നാൽ അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. തലച്ചോറിന്റെ പ്രവർത്തനം സംബന്ധിച്ച് ഇനിയുളള മണിക്കൂറുകൾ നിർണായകമാണ്. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം.ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പരിശോധിക്കുന്നത്. മരുന്നുകൾ എല്ലാം വാങ്ങുന്നതിനുളള അനുമതി നൽകിയിട്ടുണ്ട്.