Sorry, you need to enable JavaScript to visit this website.

ഒറ്റക്ക് താമസിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് ആശ്വാസമായി മതിലകം പോലീസും ജനപ്രതിനിധികളും

തൃശൂര്‍ - ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് ആശ്വാസകേന്ദ്രം തീര്‍ത്ത് മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും. ശ്രീനാരായണപുരം  കോതപറമ്പ് കിഴക്ക്‌വശം വാര്‍ഡ് 11 ല്‍ താമസിക്കുന്ന ചേന്ദംകാട്ട് വിനയന്‍- ലീല ദമ്പതികള്‍ക്കാണ് അവസരോചിതമായ ഇടപെടല്‍മൂലം പരിചരണവും അഭയകേന്ദ്രവും ലഭ്യമായത്.
മക്കളില്ലാത്ത ദമ്പതികളായ 74 വയസ്സുള്ള വിനയനും 70 വയസ്സുകാരിയെ ലീലയും ഒറ്റക്ക് താമസിച്ചുവരികയായിരുന്നു.  നാല് മാസമായി കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവാണ് പരിചരിച്ച് പോന്നത്. മക്കളില്ലാത്തതിനാലും ബന്ധുക്കളുടെ സഹായം
ലഭിക്കാത്തതിനാലും നാട്ടുകാരും അയല്‍വാസികളുമാണ് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത്. രണ്ട് ദിവസമായി  വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്  അയല്‍വാസികള്‍ വാര്‍ഡ് മെമ്പര്‍ സജിതയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മതിലകം  പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് അധികാരികളുടെ സഹകരണത്തോടെ ആശുപത്രിയില്‍ ചികിത്സയും ലഭ്യമാക്കി.
സ്വന്തം വീട്ടില്‍ പരസഹായമില്ലാതെ ഒറ്റക്ക് താമസിക്കുന്ന ഇവരെ പരിചരിക്കാന്‍ അടുത്ത ബന്ധുക്കളാരും തയാറായില്ല. തുടര്‍ന്ന് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഇടപെട്ട് എടവിലങ്ങ് ആശ്രയം അഗതിമന്ദിരത്തിലേക്ക് പരിചരണത്തിനായി അധിവസിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.  എം.എല്‍.എയോടൊപ്പം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍, മതിലകം പോലിസ് പ്രിന്‍സിപ്പല്‍ ഇന്‍സ്‌പെക്ടര്‍ വിമല്‍, വാര്‍ഡംഗം സജിത,പൊതു പ്രവര്‍ത്തകരായ സതീഷ് കുമാര്‍, ആഷിക് തുടങ്ങിയവരുടെയും സാന്നിധ്യത്തില്‍   അഗതിമന്ദിരത്തിലേക്ക് മാറ്റി.

 

 

Latest News