ഇടുക്കി-വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് കേരളാ കോണ്‍ഗ്രസിലെ (ജോസഫ്) സിന്ധു ജോസ് എല്‍. ഡി .എഫില്‍. ഒരു വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനമാണ് യു.ഡി.എഫ് സിന്ധുവിന് നല്‍കിയത്. ഈ കാലാവധി തീര്‍ന്നിട്ടും രാജിവെക്കാന്‍ വിസമ്മതിച്ച സിന്ധു അപ്രതീക്ഷിതമായി ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസില്‍ നിന്നു പൊന്നാട ഏറ്റുവാങ്ങി.
18 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യു.ഡി.എഫിന് 10 ഉം എല്‍.ഡി.എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. സ്വതന്ത്രയായി ജയിച്ച ഒരംഗം കേരളാ കോണ്‍ഗ്രസ് (എം) ലൂടെ
നേരത്തേ ഇടതുമുന്നണിയില്‍ എത്തിയിരുന്നു. യു. ഡി. എഫില്‍ ഏഴ് അംഗങ്ങള്‍ കോണ്‍ഗ്രസിനും പ്രസിഡന്റ് അടക്കം മൂന്ന് അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസിനുമായിരുന്നു. സിന്ധു കളം മാറിയതോടെ ഇരുമുന്നണിക്കും ഒമ്പത് വീതമായി. പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെ ഇടതുമുന്നണിയുടെ പിന്‍തുണയോടെ ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് സിന്ധുവിന്റെ തീരുമാനം. പദവി രാജി വെക്കേണ്ടി വന്നാല്‍ പ്രസിഡന്റ് സ്ഥാനത്തിന് നറുക്കെടുപ്പ് വേണ്ടി വരും.