ലഹരി ഉപയോഗം: അതിഥി തൊഴിലാളി കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന

തൊടുപുഴ-ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച്  മുട്ടത്ത് വിവിധ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. മുട്ടം ടൗണ്‍, ജില്ലാ ജയിലിന് സമീപത്ത് വ്യവസായ പ്ലോട്ടില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ്  റെയ്ഡ് നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്  പ്രധാനമായും റെയ്ഡ് നടത്തിയത്.
എറണാകുളം മേഖല പോലീസ് ഡി. ഐ. ജിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം പോലീസ്  സബ് ഡിവിഷന്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് റെയ്ഡ്. കഞ്ചാവ്, ചാരായം  തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്‍പന,  ഉപയോഗം എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ്. സി. ഐ വി. ശിവകുമാര്‍, എസ്.ഐമാരായ പി. എസ് സുബൈര്‍, പി. കെ ഷാജഹാന്‍, ഇടുക്കി ഡോഗ് സ്‌ക്വാഡിലെ സി. പി. ഒ ജെറി, മുട്ടം സി. പി. ഒ മാരായ രാംകുമാര്‍, പ്രദീപ്, ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പോലീസും  എക്‌സൈസ് വകുപ്പും കഴിഞ്ഞ ശനിയാഴ്ച  മാത്തപ്പാറ, ശങ്കരപ്പള്ളി, കണ്ണാടിപ്പാറ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. രാത്രിയില്‍ മഫ്തിയിലും മുട്ടത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

 

 

Latest News