ത്രിപുരയടക്കം ഉത്തര-പൂർവ്വ ദേശത്തെ മൂന്ന് സംസ്ഥാനങ്ങളിലെ ജനവിധിയാണ് ശനിയാഴ്ച പുറത്തു വരുന്നത്. എല്ലാ കണ്ണുകളും ഇടതുമുന്നണി തുടർച്ചയായി അധികാരത്തിലിരിക്കുന്ന അഗർത്തലയിലേക്കായിരിക്കും. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിക്കുന്ന ത്രിപുരയിലെ ജനവിധി നരേന്ദ്രമോഡി ഗവണ്മെന്റിനും നിർണ്ണായകമാണ്.
എക്‌സിറ്റ് പോളുകളുടെ പ്രവചനം ബി.ജെ.പിക്ക് പ്രതീക്ഷയും ഇടതുപക്ഷത്തിന് ആശങ്കയും പകർന്നപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം ത്രിപുരയായി മാറി. ത്രിപുരയിൽ ഇടതുഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പു പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടേറ്റെടുത്തത്. കോൺഗ്രസിൽനിന്ന് തൃണമൂലിലേക്കും അവിടെനിന്ന് ബി.ജെ.പിയിലേക്കും വന്ന എം.എൽ.എമാരല്ലാതെ നിയമസഭയ്ക്കകത്തോ സംസ്ഥാനത്തോ രാഷ്ട്രീയമായി വേരോട്ടമില്ലാതിരുന്ന പാർട്ടിയാണ് ബി.ജെ.പി. ഗോത്രവർഗ- തീവ്രവാദ പാർട്ടികൾ ചേർന്നുണ്ടാക്കിയ ഇൻഡിജനസ് നാഷണൽ പാർട്ടി ഓഫ് ത്രിപുര (ഐ.എൻ.പി.ടി)യുമായി ചേർന്നുള്ള ബി.ജെ.പി സഖ്യം ത്രിപുര തൂത്തുവാരുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ത്രിപുര ഗവണ്മെന്റിനെ നയിക്കുന്ന മണിക് സർക്കാർ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ തുടരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ത്രിപുരയിൽ നേരിട്ട് പ്രചാരണം നടത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രധാനമന്ത്രിയുടെ വെല്ലുവിളിക്ക് ത്രിപുരയിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നാണ് കേരളാ പാർട്ടി സമ്മേളനത്തിൽ അവകാശപ്പെട്ടത്.
ത്രിപുരയിലെ ഇടതുഭരണം അട്ടിമറിക്കാനോ നിയമസഭയിലെ സി.പി.എമ്മിന്റെ പിൻബലം നിർണ്ണായകമായി കുറയ്ക്കാനോ കേന്ദ്ര സർക്കാറിന്റെ പിൻബലത്തോടെ നരേന്ദ്രമോഡിക്ക് സാധ്യമായാൽ അതിനർത്ഥം ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറയിളക്കാൻ കഴിഞ്ഞെന്നാണ്. കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ രാഷ്ട്രീയ ഗൂഢാലോചനകളെയും അതിജീവിച്ച് ഇടതുമുന്നണി ത്രിപുരയിൽ അധികാരം നിലനിർത്തിയാൽ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മോഡിക്കും ബി.ജെ.പിക്കും അത് വലിയ രാഷ്ട്രീയ തിരിച്ചടിയാവും. അതുകൊണ്ട് ഫെബ്രുവരി 18ന് ത്രിപുരയിൽ നടന്ന ജനവിധിയുടെ ഫലം മാർച്ച് 3ന് പുറത്തുവരുമ്പോൾ 2018ലെ ഏറ്റവും നിർണ്ണായക രാഷ്ട്രീയ ദിശാസൂചകമായി അതു മാറും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 62 ശതമാനം വോട്ട് ഇടതുമുന്നണിക്കുണ്ടായിരുന്നു. നരേന്ദ്രമോഡി ലോകസഭയിലേക്കു മത്സരിച്ച 2014ലെ തെരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ട് സി.പി.എം നിലനിർത്തി. 1978 തൊട്ട് നിയമസഭാ - ലോകസഭാ തെരഞ്ഞെടുപ്പുകളിൽ മൊത്തം വോട്ടിന്റെ 50 ശതമാനത്തിലേറെ തുടർച്ചയായി ത്രിപുരയിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഒരു രാഷ്ട്രീയപാർട്ടിയും നിലനിർത്തിയിട്ടില്ല. ഇന്ത്യയുടെ ഏറ്റവും വലിയ ദേശാതിർത്തിയും ഭാഷാപരവും വംശീയവുമായ ഒട്ടേറെ വൈരുദ്ധ്യങ്ങളും നിലനിൽക്കുന്ന ഒരു കൊച്ചു സംസ്ഥാനത്ത് ഒരു ഇടതുപാർട്ടിക്ക് ഇതു സാധിച്ചത് ജനങ്ങളുമായി ഇഴുകിച്ചേർന്നുള്ള രാഷ്ട്രീയ - സാംസ്‌ക്കാരിക ബന്ധം കൊണ്ടാണ്.
ഇത്രയും ശക്തമായ രാഷ്ട്രീയാടിത്തറ സി.പി.എമ്മിനുള്ള ത്രിപുരയെ സംബന്ധിച്ച സി.പി.എം രാഷ്ട്രീയ- സംഘടനാ റിപ്പോർട്ടുകളിൽ ബംഗാളിനും കേരളത്തിനുമൊപ്പം ബ്രായ്ക്കറ്റിൽ പെടുത്തിപ്പോന്ന പാർട്ടിയാണ് ത്രിപുരയിലേത്. വ്യത്യസ്ത ശാക്തിക ബലാബലമാണ് മൂന്നു സംസ്ഥാനത്തിലുമെങ്കിലും. അതിൽ ബംഗാൾ ഇപ്പോൾ ബ്രായ്ക്കറ്റിനു പുറത്തായ സ്ഥിതിയാണ്. ശക്തമായ സംസ്ഥാനങ്ങളെന്ന നിലയിൽ കേരളവും ത്രിപുരയും ഒരു ബ്രായ്ക്കറ്റിൽ തുടരുന്നു. ഇന്നത്തെ ജനവിധി അതു മാറ്റിക്കുറിക്കുമോ എന്നതാണ് ഇന്ത്യൻ ഇടതുപക്ഷത്തെ ഏറെ ഉത്ക്കണ്ഠപ്പെടുത്തുന്നത്.
കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം എന്ന ആർ.എസ്.എസിന്റെയും നരേന്ദ്ര മോഡിയുടെയും പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ത്രിപുരയിൽ അവർ ദുരൂഹവും വൈരുദ്ധ്യമാർന്നതുമായ പല രാഷ്ട്രീയ നീക്കങ്ങളും നടത്തിയിട്ടുണ്ട്. എങ്കിലും സി.പി.എമ്മിന് അതിന്റെ ചരിത്രം ആവർത്തിക്കാനാവുന്നില്ലെങ്കിൽ ഇടതുപക്ഷത്തിനും ഇടതുപക്ഷ - ജനാധിപത്യ മുന്നണിയെന്ന സി.പി.എം പരിപാടിയുടെ പരിപ്രേക്ഷ്യത്തിനും അത് സമീപഭാവിയിലൊന്നും തിരുത്താനാവാത്ത രാഷ്ട്രീയ തിരിച്ചടിയായിരിക്കും.
മാധ്യമങ്ങൾ വിശേഷിപ്പിക്കും പോലെ 25 വർഷക്കാലത്തെ ഇടതുപക്ഷ ഭരണത്തിനല്ല ത്രിപുരയിൽ തിരിച്ചടിയേൽക്കുക. 1951 മുതൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ട് ലോകസഭാ സീറ്റുകളും പ്രതിനിധീകരിച്ചു വരുന്നത് സി.പി.ഐയും അതിന്റെ തുടർച്ചയായ സി.പി.എമ്മുമാണ്. 1978ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ ഗോത്രവർഗക്കാരുടെയും ബംഗാളികളുടെയും അനിഷേധ്യ നേതാവായിരുന്ന നൃപൻ ചക്രവർത്തിയാണ് കോൺഗ്രസ് ഭരണം അവിടെ അവസാനിപ്പിച്ചത്. ദേശീയ രാഷ്ട്രീയത്തിന്റെയും വികസനത്തിന്റെയും ഭൂപടത്തിൽ ത്രിപുരയെ അടയാളപ്പെടുത്തിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ഗാന്ധിയനായ നൃപൻ ചക്രവർത്തിയുടെ പത്തുവർഷക്കാല ഇടതുഭരണമാണ്.
ചിറ്റഗോംഗ് കുന്നുകളുടെ താഴ് വാരങ്ങളിൽനിന്ന് വിദേശ ശക്തികളുടെ പിൻബലത്തോടെ ത്രിപുരയുടെ അഖണ്ഡതയ്‌ക്കെതിരായി ടി.എൻ.വിയെപ്പോലുള്ള തീവ്രവാദ- ഗോത്ര വിഭാഗങ്ങൾ നടത്തിപ്പോന്ന കടന്നാക്രമണം. കൊച്ചു ത്രിപുരയുടെ സാമ്പത്തിക - സാമൂഹിക ഘടനയെ തകർത്ത് ബംഗ്ലദേശിൽനിന്ന് ത്രിപുരയിലേക്കു തുടർന്നുപോന്ന അഭയാർത്ഥിപ്രവാഹം - ഇവയൊക്കെ സൃഷ്ടിച്ച വംശീയ കൂട്ടക്കുരുതികളും ആയുധമേന്തിയുള്ള കലാപങ്ങളും രാജ്യ തന്ത്രജ്ഞതയോടെയും മാനുഷികമായും നേരിട്ട് ഇടതുപക്ഷ - ജനാധിപത്യ മതനിരപേക്ഷതയുടെ ഈടുറ്റ സംസ്ഥാനമായി ത്രിപുരയെ വേറിട്ട് വികസിപ്പിച്ചത് നൃപൻ ചക്രവർത്തിയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഉൽപാദക സംസ്ഥാനമായ കേരളത്തിനു തൊട്ടുപിറകിൽ ത്രിപുരയെ എത്തിച്ചത് മലയാളികളിൽനിന്ന് നൃപൻ കണ്ടെത്തി അവിടെ പരീക്ഷിച്ച റബ്ബർ കൃഷിയാണ്. ഇന്ത്യയിലെ ദരിദ്ര മുഖ്യമന്ത്രിയെന്ന് അറിയപ്പെടുന്ന മണിക് സർക്കാറിനെ രാഷ്ട്രീയമായി വളർത്തിക്കൊണ്ടുവന്നതും വീടും കുടുംബവും ഇല്ലാതെ പാർട്ടി ഓഫീസും ജനങ്ങളും കുടുംബമായി കണ്ട് അവിവാഹിതനായി ജീവിച്ച, ഒടുവിൽ സി.പി.എം പുറത്താക്കിയ നൃപൻ ചക്രവർത്തിയായിരുന്നു.
തീവ്രവാദ- വിഘടന രാഷ്ട്രീയം ഉപയോഗിച്ച് ഇടതു ഗവണ്മെന്റിനെ അഞ്ചുവർഷക്കാലം അധികാരത്തിൽനിന്നു മാറ്റിനിർത്താൻ 1988ൽ കോൺഗ്രസ് ഐയ്ക്കു കഴിഞ്ഞു. 1993ൽ ദശരദ് ദേവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വന്നു. അതിന്റെ തുടർച്ചയാണ് മണിക് സർക്കാർ ഗവണ്മെന്റിന്റെ രണ്ടു പതിറ്റാണ്ടു നീളുന്ന ഇടതുമുന്നണി ഭരണം.
ഗോത്രവർഗ പ്രദേശങ്ങൾ വിഭജിച്ച് വേറിട്ട സംസ്ഥാനം ആവശ്യപ്പെടുന്നവരാണ് ത്രിപുര ഇൻഡിജനസ് നാഷണൽ പാർട്ടി (ഐ.എൻ.പി.ടി). ഇവരെ രാഷ്ട്രീയമായി നയിക്കുന്നത് ത്രിപുരയിലെ പ്രബല ക്രൈസ്തവ വിഭാഗമായ ബാപ്റ്റിസ്റ്റ് ചർച്ചാണ്. ഇവരും ബി.ജെ.പിയും തമ്മിൽ ശത്രുതയാണെങ്കിലും പഴയ ഐ.പി.എഫ്.ടി എന്ന ഗോത്രവർഗ കൂട്ടായ്മ പുനരുജ്ജീവിപ്പിച്ച് ബി.ജെ.പിയുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയിക്കയാണ്.
നരേന്ദ്ര മോഡിയും അമിത് ഷായും ഭരണം പിടിക്കാൻ കീരിയും പാമ്പുമുൾപ്പെട്ട ഈ വിരുദ്ധ കൂട്ടുകെട്ടാണ് രംഗത്തുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന ബി.ജെ.പി ഐ.പി.എഫ്.ടി ആലോചനാ യോഗങ്ങളിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തത് വിവാദമായിരുന്നു.
തെരഞ്ഞെടുപ്പുഫലം ഇടതുമുന്നണിക്ക് ദോഷമാകുകയാണെങ്കിൽ ഇതിലേറെ വിവാദമാകാൻ പോകുന്നത് ത്രിപുരാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം ആവിഷ്‌ക്കരിച്ച കരട് രാഷ്ട്രീയ അടവുനയമാകും. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ തെരഞ്ഞെടുപ്പ് അടവുനയത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഐയെ തീണ്ടുകപോലും പാടില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച തീരുമാനം. ജനറൽ സെക്രട്ടറി യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതൃത്വത്തിലെ ശക്തമായ വിയോജിപ്പിനിടയിലും അത് വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു.
ത്രിപുരയിൽ 30 ശതമാനം വരുന്ന കോൺഗ്രസ് അണികളുണ്ട്. എം.എൽ.എമാരായി വിജയിച്ച പത്തുപേരിൽ ഭൂരിഭാഗവും തൃണമൂൽവഴി ബി.ജെ.പിയിലേക്ക് കൂറുമാറിയെങ്കിലും അണികൾ ബി.ജെ.പിയിൽനിന്ന് ചരിത്രപരമായിത്തന്നെ അകലം പാലിക്കുന്നവരാണ്. അവരെ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാനുള്ള സാധ്യത അടയ്ക്കുന്ന തരത്തിലാണ് അടവുനയം പ്രഖ്യാപിച്ചത്.
കോൺഗ്രസ് അനുഭാവികളും ബി.ജെ.പി രാഷ്ട്രീയം ഉൾക്കൊള്ളാത്തവരുമായ ത്രിപുരയിലെ കോൺഗ്രസ് അണികളെ ഇത് പ്രകോപിപ്പിച്ചു. അതു മനസ്സിലാക്കിയാണ് പാർട്ടിയുടെ കേരളാ മുഖ്യമന്ത്രിയെ പ്രചാരണത്തിൽനിന്ന് ത്രിപുരാ പാർട്ടി പുറത്തു നിർത്തിയത്. ബി.ജെ.പിക്കെതിരായ ജനശക്തി പരമാവധി സമാഹരിക്കേണ്ട ഘട്ടത്തിൽ പ്രതിപക്ഷത്തെ കൂടുതൽ ഭിന്നിപ്പിക്കുന്ന നിലപാടെടുക്കുന്ന കേരളാപാർട്ടിയുടെ മുഖ്യമന്ത്രി പ്രചാരണത്തിനു വന്നാൽ ഗുണം ചെയ്യില്ലെന്ന് ത്രിപുരാ പാർട്ടി തിരിച്ചറിഞ്ഞു.
ബംഗാളിനു പിറകെ ത്രിപുരയിലും അധികാരം നഷ്ടപ്പെടുന്ന അവസ്ഥ ലോകസഭാ തെരഞ്ഞെടുപ്പു വരുന്ന വേളയിൽ ഇന്ത്യൻ ഇടതുപക്ഷത്തിന് താങ്ങാനാവില്ല. അതുകൊണ്ട് ത്രിപുരയിലെ ജനവിധി പല നിലയ്ക്കും നിർണ്ണായകമാകുന്നു. പ്രത്യേകിച്ച് ബി.ജെ.പിക്കെതിരായ കൂട്ടായ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുന്നതിന് സി.പി.എം തന്നെ തടസമാകുന്നു എന്നുള്ള ആശങ്ക യാഥാർത്ഥ്യമാണെന്നുവരും.
അത് സി.പി.എമ്മിനകത്തും കേരളാ പാർട്ടിയിൽതന്നെയും സംഘർഷങ്ങൾ വളർത്തും. സി.പി.എം - സി.പി.ഐ കോൺഗ്രസുകളിലും രൂക്ഷമായ ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ സൃഷ്ടിക്കും.
മറിച്ച് മൂന്നു പതിറ്റാണ്ടിന്റെ ഭരണത്തുടർച്ചയിലും ത്രിപുരയിലെ ഇടതുഭരണം നിലനിന്നാൽ ഇടത് രാഷ്ട്രീയത്തിന് ചരിത്രപരമായ ഒരു മാതൃക ത്രിപുര നൽകും. ബംഗാളിനും കേരളത്തിനും നൽകാൻ കഴിയാതെ പോയത്.