Sorry, you need to enable JavaScript to visit this website.

കെ.ടി ജലീല്‍ ചെയ്തത് ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റം- അഡ്വ.ടി.ആസഫലി

തലശ്ശേരി- ലോകായുക്തക്കെതിരെ പരസ്യ ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കെ.ടി ജലീല്‍ ലോകായുക്ത നിയമം 18 പ്രകാരം ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന്  മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍  അഡ്വ.ടി.ആസഫലി പറഞ്ഞു.  ലോകായുക്തക്കെതിരെ കെ.ടി  ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍  പറഞ്ഞ നിന്ദ്യമായ അധിക്ഷേപം വളരെ ആസൂത്രിതമായതും ശക്തമായ ഒരു അഴിമതി വിരുദ്ധ ജുഡീഷ്യല്‍ സ്ഥാപനത്തെ കരിവാരിത്തേക്കുവാനും  തകര്‍ക്കാനും ലക്ഷ്യംവെക്കുന്നതുമാണ്. ലോകായുക്തക്കെകതിരേയുള്ള മുഴുവന്‍ ആരോപണങ്ങളും വാസ്തവ വിരുദ്ധവും സത്യത്തിന്റെ കണിക പോലുമില്ലാത്തതാണെന്നും അഡ്വ.ആസഫലി മലയാളം ന്യൂസിനോട് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്‌സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായ് ബന്ധപ്പെട്ട്  കേരളത്തില്‍ നടന്നതെന്ന് പറഞ്ഞ് ജലീല്‍ ഇന്നലെ  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ ആസഫലി.
ജുഡീഷ്യല്‍ രംഗത്ത് നിസ്തുലമായ സേവനം നടത്തിയ ന്യായാധിപന്‍മാര്‍ വഹിക്കുന്ന ഉന്നതമായ ഒരു പദവിയാണ് ലോകായുക്ത. കേരള ലോകായുക്ത രൂപീകരിച്ചതിനു ശേഷം ഇന്ന് വരെ ആരും പറയാത്ത ഭാഷ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍  അഴിമതിവിരുദ്ധ സ്ഥാപനത്തെ തകര്‍ക്കാന്‍ ഉദ്ദേശം വെച്ചുള്ളതിനാല്‍ പൊതു സമൂഹം പുച്ഛിച്ചു അവഗണിക്കും. ലോകായുക്ത യെ ഇടിച്ചു താഴ്ത്തി പൊതു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും വിധം  പ്രസ്താവന ഇറക്കുന്നത് ലോകായുക്ത നിയമമനുസരിച്ചു നടപടിയെടുക്കാവുന്നതാണ്. ലോകായുക്ത നിയമം 19 വകുപ്പു പ്രത്യേകം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അത്തരം വിഷയങ്ങളില്‍ ലോകായുക്തക്ക് ഹൈകോടതിയുടെ അതേസ്ഥാനം തന്നെയാണ്. മാത്രമല്ല ലോകായുക്ത നിയമം 18 വകുപ്പനുസരിച്ചു ലോകായുക്തയെ ബോധപൂര്‍വം അവമമതിപ്പുളവാക്കും വിധം പൊതുജനമധ്യത്തില്‍ ഇടിച്ചു താഴ്ത്തിക്കൊണ്ടു പരസ്യ പ്രസ്താവന യിറക്കുന്നതു ഒരു വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഡ്വ.ആസഫലി ചൂണ്ടിക്കാട്ടി.

 

 

Latest News