അബുദാബി- ലോകത്തിലെ ഏറ്റവും വലിയ ഓയില്‍പെയിന്റിംഗ് അബുദാബിയില്‍ ഒരുക്കി മലയാളി യുവാവ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി. 60 അടി നീളവും 30 അടി ഉയരവുമുള്ള എണ്ണഛായ ചിത്രമൊരുക്കിയ ആര്‍ട്ടിസ്റ്റ് സരണ്‍സ് ഗുരുവായൂര്‍ ആണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. സഹായികളില്ലാതെ ഒരാള്‍ മാത്രം വരയ്ക്കുന്ന ഏറ്റവും വലിയ ചിത്രത്തിനായിരുന്നു റെക്കോര്‍ഡ്.
യു.എ.ഇയുടെ 50 ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ ഛായാചിത്രങ്ങളാണ് വരച്ചത്.
അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ (ഐ.എസ്.സി) നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സരണ്‍സിനു സമ്മാനിച്ചു. ചിത്രം ദുബായ് എക്‌സ്‌പോ 2020 വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ശരണ്‍സ് പറഞ്ഞു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഏറ്റവും വലിയ ചിത്രം വരച്ച് 2020ല്‍ സരണ്‍സ് ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു.