കൊച്ചി- നടിയെ അക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ പ്രതികളായ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണുകൾ മുംബൈയിൽ നിന്ന് ഇന്ന് എത്തിക്കും. ഫാണുകൾ നാളെ ഹൈക്കോടതി രജിസ്റ്റാർക്ക് സമർപ്പിക്കും. ദിലീപിന്റെ മൂന്നു ഫോണും സഹോദരൻ അനൂപിന്റെ രണ്ടു ഫോണും സൂരജിന്റെ ഒരു ഫോണുമാണ് ഹാജരാക്കുക.
കേസിലെ പ്രതികളുടെ ആറു മൊബൈൽ ഫോണുകൾ മുദ്രവെച്ച കവറിൽ നാളെ രാവിലെ 10.15 രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കണമെന്ന് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തെളിവു നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരവും അന്വേഷണ സംഘത്തിനും കേസിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് ആവശ്യപ്പെടുന്നതിനു അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
മുംബൈയിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുന്നതിനാൽ ചൊവ്വാഴ്ച മാത്രമേ ഫോണുകൾ ഹാജരാക്കാൻ കഴിയൂ എന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഫോണുകൾ സംബന്ധിച്ചു തെളിവുകൾ നൽകാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പരാമർശിച്ചു. ദിലീപ് ഫോണുകൾ സ്വന്തം നിലയിൽ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കവെയാണ് കോടതി നിരീക്ഷണമുണ്ടായത്.
ദിലീപ് തന്റെ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. ആർക്കാണ് ഇത്തരത്തിൽ പരിശോധനക്കയക്കാൻ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജൻസികൾക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലം നിയമപ്രകാരം സാധുതയില്ലെന്നും കോടതി ആമുഖമായി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവുകൾ അനുസരിച്ച്, സ്വകാര്യത നിലനിർത്താൻ തനിക്ക് അവകാശമുണ്ട്. മുൻ ഭാര്യയും ബന്ധുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ, തനിക്കെതിരെ ആരോപണമുന്നയിച്ച ബാലചന്ദ്രകുമാറുമായുള്ള സന്ദേശങ്ങൾ എന്നിവയാണ് ഫോണിലുള്ളത്.
സർക്കാർ നിയന്ത്രിത ഫോറൻസിക് ലാബിൽ ഫോൺ എത്തിയാൽ തെളിവുകൾ നശിപ്പിക്കാനും സ്വകാര്യ വിവരങ്ങൾ പുറത്തുപോവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പോലീസിന്റെ ഫോൺ പരിശോധനയുടെ ഫലം വിശ്വസിക്കാനായേക്കില്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചു. മൊബൈൽ ഫോണുകൾ ഹാജാരാക്കാത്തത് അന്വേഷണവുമായി പ്രതികൾ സഹകരിക്കാൻ തയാറല്ലെന്നതിനു മതിയായ കാരണമാണെന്നു ഡി.ജി.പി കോടതിയിൽ വാദിച്ചു. പോലീസും മാധ്യമങ്ങളും ചേർന്ന് തന്നെ വേട്ടയാടുയാണെന്നും കോടതിയ്ക്ക് തന്നോട് ദയവുണ്ടാകണം എന്നും ദിലീപ് ആവശ്യപ്പെട്ടു. മൊബൈൽ ഫോണിന്റെ കാര്യത്തിൽ ദയ കാണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതേ തുടർന്നാണ് പ്രോസിക്യുഷൻ ആവശ്യപ്പെടുന്ന ഏഴു ഫോണുകളിൽ ആറെണ്ണം രജിസട്രാർക്ക് കൈമാറണമെന്നു നിർദേശിച്ചത്.
2017ൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചതാണ്. ഇപ്പോൾ ദിലീപിനെ കുടുക്കാനുള്ള തന്ത്രങ്ങളാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപിനെതിരായ അന്വേഷണമായി മാറ്റുകയാണ്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നും ഹരജിക്കാർ കോടതിയിൽ വാദിച്ചു. ഈ ലാബ് പോലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. തന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നുമാണ് ദിലീപ് കോടതിയിൽ വ്യക്തമാക്കി.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. 2017 ഡിസംബറിൽ എം.ജി. റോഡിലെ ഫ്ളാറ്റിൽ വെച്ചും, 2018ൽ മെയ് മാസത്തിൽ പോലീസ് ക്ലബിൽ വെച്ചും, 2019ൽ സുഹൃത്ത് ശരത്തും സിനിമ നിർമാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഫോണുകൾ പരിശോധിക്കുന്നതിനായി അഞ്ച് ഏജൻസികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊന്ന് ദിലീപിന് തെരഞ്ഞെടുക്കാമെന്ന കോടതി പരാമർശത്തിനെതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ രംഗത്തെത്തി. പരിശോധനാ ഏജൻസിയെ പ്രതിക്ക് തെരഞ്ഞെടുക്കാമെന്നതിൽ പൊതുജനം എന്ത് വിചാരിക്കുമെന്ന് ഡി.ജി.പി. ചോദിച്ചു. കേരളം ഇക്കാര്യങ്ങൾ കാണുന്നുണ്ട് എന്നോർക്കണം. എന്നാൽ കോടതിക്കെതിരെ രംഗത്ത് വരികയെന്നത് പോലീസ് പതിവാക്കിയിരിയ്ക്കുന്നു എന്ന് ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ള പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയ്ക്കെതിരെയും പോലീസ് രംഗത്തെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ദിലീപും സംഘവുംകേസിന്റെ തെളിവുകൾ നശിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യുഷൻ സമർപ്പിച്ച ഉപഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. കോടതി നിർദ്ദേശമനുസരിച്ചു പ്രതികൾ ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും മൊബൈൽ ഫോൺ കൈമാറുന്നതിനു തയ്യാറായില്ലെന്നു പ്രോസിക്യുഷൻ വ്യക്തമാക്കി. പ്രതികൾ അവരുടെ അഭിഭാഷകൻ മുഖേന മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയച്ചത് ഐ.ടി നിയമത്തിനു വിരുദ്ധമാണെന്നും പ്രോസിക്യുഷൻ വ്യക്തമാക്കി. പ്രതികൾ ബോധപൂർവം മൊബൈൽ ഫോണുകൾ മാറ്റിയതാണ്. തെളിവു നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഫോണുകൾ മാറ്റിയതെന്നും പ്രോസിക്യുഷൻ കോടതിയിൽ വ്യക്തമാക്കി. 2017 നു ശേഷം പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഈ കേസിലെ പ്രഥമ തൊണ്ടിമുതലുകളാണെന്നു പ്രോസിക്യുഷൻ വാദിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിച്ചത്.