റിയാദ് - ഇന്നലെ വരെ സൗദിയില്‍ 75 ലക്ഷത്തിലേറെ പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്‍ കാമ്പയിന്‍ ശക്തമായി തുടരുകയാണ്. പതിനെട്ടു വയസും അതില്‍ കൂടുതലും പ്രായമുള്ള വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. അഞ്ചു മുതല്‍ പതിനൊന്നു വരെ പ്രായവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.
ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചൊവ്വാഴ്ച നിലവില്‍വരും. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസവും അതില്‍ കൂടുതലും പിന്നിട്ട, പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ള എല്ലാവരും ഫെബ്രുവരി ഒന്നു മുതല്‍ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തുടരാന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക, സ്‌പോര്‍ട്‌സ്, വിനോദ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും സാംസ്‌കാരിക, ശാസ്ത്ര, സാമൂഹിക, വിനോദ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും വിമാനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യാനും ഫെബ്രുവരി ഒന്നു മുതല്‍ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടല്‍ നിര്‍ബന്ധ വ്യവസ്ഥയാണ്. തവക്കല്‍നാ ആപ്പില്‍ പ്രത്യക്ഷപ്പെടുന്നതു പ്രകാരം വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് പ്രത്യേകം ഇളവ് നല്‍കപ്പെട്ട വിഭാഗങ്ങളെ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കുക.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ അടക്കം വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാനും സമൂഹത്തിലെ വ്യക്തികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത് പ്രധാനമാണ്. ബൂസ്റ്റര്‍ ഡോസിന്റെ സുരക്ഷിതത്വവും ഫലസിദ്ധിയും പ്രാധാന്യവും പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനു ശേഷം രക്തത്തില്‍ ആന്റി ബോഡികളുടെ അളവ് കുറയാന്‍ സാധ്യതയുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസവും അതില്‍ കൂടുതലും പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഇത് ആവശ്യപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നേരത്തെ പറഞ്ഞു.