Sorry, you need to enable JavaScript to visit this website.

ചാടിപ്പോയ പെണ്‍കുട്ടികളുടെ യാത്ര പോലീസിനെ അതിശയിപ്പിച്ചു, കൈയില്‍ കാശില്ലാതെ ബംഗളൂരു വരെ യാത്ര

കോഴിക്കോട്- വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുചാടിയ പെണ്‍കുട്ടികളുടെ യാത്രയില്‍ ദുരൂഹതയേറെ. ആറ് പെണ്‍കുട്ടികളേയും പോലീസ് കണ്ടെത്തിയെങ്കിലും ഇവര്‍ സ്വയം ചാടിപ്പോയതോ ആരെങ്കിലും ചാടിച്ചതോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോഴിക്കോട് മുതല്‍ ബംഗളൂരു വരെയുള്ള ഇവരുടെ യാത്ര ദുരൂഹവും അവിശ്വസനീയവുമാണ്. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട്  ഇവര്‍ ബംഗളൂരുവില്‍ എത്തി.
 ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം 500 രൂപ കൊടുത്ത് ഒരു ഫോണ്‍ വാങ്ങുകയാണ് ചെയ്ത്. മൊഫ്യൂസില്‍ സ്റ്റാന്റിലെ ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്ന് കടം വാങ്ങിയ 500 രൂപ ആരെയോ വിളിച്ച് ഗൂഗിള്‍ പേ ചെയ്യിച്ച് മടക്കി നല്‍കി. അവിടെനിന്ന് പാലക്കാട്ടേക്ക്. ഇതിന് ബസ്സിന് കൊടുക്കാനുള്ള തുകയും ആരെയോ വിളിച്ച് കണ്ടക്ടറുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. 2000 രൂപ ഗൂഗിള്‍ പേ ചെയ്യിച്ച് ടിക്കറ്റ് തുകയും കഴിഞ്ഞ് ബാക്കി കുട്ടികള്‍ക്ക്  തിരികെ കൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് ട്രെയിനില്‍. ഈ യാത്രക്കിടെ പരിചയപ്പെട്ട രണ്ടുപേരെയാണ് പോലീസ് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തതത്രെ.

രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരാണോ ഫോണ്‍ വാങ്ങാനും മറ്റുമുള്ള പണം അയച്ചുകൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഒരു പരിചയവുമില്ലാത്തവര്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അത്ര പെട്ടെന്ന് ബംഗളൂരുവില്‍ മുറി ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്ക് പുറമെ മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നാണ് പോലീസ് കാര്യമായി അന്വേഷിക്കുന്നത്.

മദ്യം നല്‍കിയെന്നും  ശാരീരികമായി  ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും മൊഴിയുള്ളതിനാല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചേര്‍ത്ത് തന്നെയായിരിക്കും പോലീസ് കേസന്വേഷണം നടത്തുക. ശനിയാഴ്ച രാവിലെ കോഴിക്കോട്ടെത്തിച്ച കുട്ടികളില്‍ ഒരാള്‍ക്ക്  കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ മെഡിക്കല്‍ പരിശോധനക്ക് ശേഷം  കുട്ടികളെ കോടതിയില്‍ ഹാജരാക്കും.

 

Latest News