കൊച്ചി- നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. കോടതിയുടെ അനുമതിയോടെ എറണാകളം സബ്ജയിലിലെത്തിയാണ് അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട നിജസ്ഥിതി തേടുകയാണ് അന്വേഷണ സംഘം.
ബാലചന്ദ്രകുമാറിനെ എപ്പോഴെങ്കിലും നടന്‍ ദിലീപിനൊപ്പം കണ്ടിട്ടുണ്ടോ, ദിലീപുമായി ബാലചന്ദ്രകുമാറിന്റെ ബന്ധം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായി പറയുന്നു. നേരത്തെ പള്‍സര്‍ സുനി അമ്മയക്ക് എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു തുടങ്ങിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ബാലചന്ദ്രകുമാറിനെതിരെ നടത്തിയ ആരോപണങ്ങളെ കുറിച്ച് ചോദിക്കാനാണ് ബാലചന്ദ്രകുമാറിനെ വീണ്ടും വിളിച്ചുവരുത്തിയത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.