വെള്ളിമാടുകുന്ന്- കോഴിക്കോട്ടു നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളുടെ രഹസ്യമൊഴി മജ്‌സ്‌ത്രേട്ട് രേഖപ്പെടുത്തും. ബെംഗളൂരുവില്‍ വെച്ച് തങ്ങള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ മൊഴി നല്‍കി കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികള്‍. തങ്ങളെ യുവാക്കള്‍ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസിനോട് പറഞ്ഞ സാഹചര്യത്തിലാണിത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. ഒരു കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.
ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്‌സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന. ബെംഗളൂരുവില്‍ എത്തിയശേഷം പെണ്‍കുട്ടികള്‍ മുറിയെടുത്തു നല്‍കാനായി സഹായം തേടിയ യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനും മുതിര്‍ന്നുവെന്നും മൊഴി നല്‍കി.ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളാനാണ് പോലീസിന്റെ തീരുമാനം.
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ കുട്ടികള്‍ പാലക്കാട് വഴിയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്ന് പോലീസ് പറയുന്നത്.