Sorry, you need to enable JavaScript to visit this website.

എറണാകുളം മാര്‍ക്കറ്റ് രണ്ടാഴ്ചക്കകം പൊളിക്കും, നവീകരണ-പുനരുദ്ധാരണ പദ്ധതി തുടങ്ങുന്നു

കൊച്ചി- ചരിത്രത്തിന്റെ ഭാഗമായ എറണാകുളം മാര്‍ക്കറ്റ് ഇനി ഓര്‍മയിലേക്ക്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 72 കോടി ചെലവില്‍ എറണാകുളം മാര്‍ക്കറ്റിനെ സ്മാര്‍ട്ടാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി മാര്‍ക്കറ്റിലെ കച്ചവട സ്ഥാപനങ്ങള്‍ താല്‍ക്കാലിക മാര്‍ക്കറ്റിലേക്ക് മാറ്റി. മാര്‍ക്കറ്റ് നവീകരണ-പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ശനി വൈകീട്ട് മൂന്നു മണിക്ക് തദ്ദേശ ഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററും താത്ക്കാലിക മാര്‍ക്കറ്റ് ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവും നിര്‍വഹിക്കും.
കൊച്ചിയുടെ വികസന ചരിത്രത്തോടൊപ്പം സഞ്ചരിച്ചിട്ടുള്ള എറണാകുളം മാര്‍ക്കറ്റിനു 150 വര്‍ഷത്തോളം പഴക്കമുണ്ട്. 20 വര്‍ഷത്തോളമായി പല പദ്ധതികളുടെയും ഭാഗമായി മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്ന കൊച്ചിയുടെ സ്വപ്‌ന പദ്ധതിയാണ് എറണാകുളം മാര്‍ക്കറ്റ്. കൊച്ചിയുടെ  സമ്പദ് വ്യവസ്ഥക്ക് ഒരു പുത്തനുണര്‍വ് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സി എസ് എം എല്‍ മാര്‍ക്കറ്റ്  പുനര്‍നിര്‍മ്മാണ പദ്ധതി ഏറ്റെടുത്തു നടത്തുന്നത്

ഇതിനായി 40,000 സ്‌ക്വയര്‍ ഫീറ്റില്‍ 5 .5   കോടി  രൂപ മുതല്‍മുടക്കി സൗകര്യങ്ങളോടും കൂടിയ  താല്‍ക്കാലിക മാര്‍ക്കറ്റ് സംവിധാനം സി എസ് എം എല്‍ ഒരുക്കിയിരിക്കുന്നത്. നിലവിലെ മാര്‍ക്കറ്റിലെ 215 കച്ചവടക്കാരെ എല്ലാ സൗകര്യങ്ങളോടും കൂടിയ താല്‍ക്കാലിക  മാര്‍ക്കറ്റിലേക്ക് പുരധിവസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ മാര്‍ക്കറ്റിനുസമീപമാണ് താല്‍ക്കാലിക പുനരധിവാസം ഒരുക്കിയിട്ടുള്ളത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 1.25 ഏക്കര്‍ സ്ഥലത്താണ് സ്റ്റീല്‍ സ്ട്രക്ചറില്‍ താല്‍ക്കാലിക മാര്‍ക്കറ്റ് നിര്‍മിച്ചിട്ടുള്ളത്. അഞ്ചുകോടി രൂപയാണ് ചെലവ്. വൈദ്യുതി, വെള്ളം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പഴയ മാര്‍ക്കറ്റിലെ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി രണ്ടുവര്‍ഷത്തിനകം ആധുനിക സൗകര്യങ്ങളോടെ മാര്‍ക്കറ്റ് പൂര്‍ത്തിയാക്കും. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍  കരാര്‍ നല്‍കി. രണ്ടാഴ്ചക്കകം മുഴുവന്‍ നിര്‍മാണങ്ങളും നീക്കി സിഎസ്എംഎല്ലിന് ഭൂമി കൈമാറും.
കച്ചവടക്കാരുടെ ആവശ്യത്തിനനുസരിച്ച് 95 ചതുരശ്ര അടിയും 42.5 ചതുരശ്ര അടിയും വിസ്തീര്‍ണമുള്ള കടകളും ഷട്ടറുള്ള അറുപതോളം കടകളുമാണുള്ളത്.അത്യാധുനിക സൗകര്യങ്ങളോടെയുള്ള . 2,15,000 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ മാര്‍ക്കറ്റ് 72 കോടി രൂപ മുടക്കിയാണ്  സി ഇ സ് എംഎ ല്‍ നിര്‍മ്മിക്കുന്നത.് കച്ചവടക്കാര്‍ക്ക്  മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം, ഉപഭോക്താക്കളുടെ  സൗകര്യം എന്നിവ കണക്കില്‍ എടുത്തു എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയാണ് സി എസ് എംഎ എല്‍ മാര്‍ക്കറ്റിന്റെ രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. മൊത്തം നാലു നിലകളുണ്ടാകും. നിലവിലുള്ള കച്ചവടക്കാരെ ആദ്യ രണ്ടുനിലകളിലായി പുനരധിവസിപ്പിക്കും. ഗ്രൗണ്ട്, ഒന്നാംനിലകളിലായി പച്ചക്കറി, പഴം വില്‍പ്പനശാലകളും മീന്‍, മാംസം മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കും. മൂന്നാംനില കോര്‍പറേഷനുള്ളതാണ്. ഇവിടെ ഓഫീസുകള്‍ക്കും ഗോഡൗണുകള്‍ക്കും സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ക്കുപുറമെ മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങളും ഒരുക്കും. മാര്‍ക്കറ്റ് കോംപ്ലക്സിന്റെ ബേസ്മെന്റിലും സമീപത്തുമായി 150 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ബഹുനില പാര്‍ക്കിങ് സൗകര്യവുമുണ്ടാകും. മാര്‍ക്കറ്റിലേക്കുള്ള റോഡുകളും മുഖംമിനുക്കും. ഷണ്‍മുഖം റോഡില്‍നിന്ന് മാര്‍ക്കറ്റ് കോംപ്ലക്സിന്റെ ഒന്നാംനിലയിലേക്ക് എത്തുന്ന വിധത്തില്‍ ആകാശപാതയുടെ നിര്‍മാണം അടുത്തഘട്ടത്തിലാകും നടപ്പാകുക.
 

 

 

 

Latest News