കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെയുടെ നീളം കുറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. 2860 മീറ്റര്‍ നീളുമുള്ള റണ്‍വേ 2560 മീറ്ററാക്കാനാണ് തീരുമാനം. നിലവില്‍ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നീളം കൂട്ടാനാണ് റണ്‍വെയുടെ നീളം കുറക്കുന്നത്. 90 മീറ്റര്‍ നീളുമുള്ള റിസ ഇതോടെ 240 മീറ്ററായി ഉയരും. പ്രവൃത്തികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കും.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് ഈ നീക്കം തടസ്സമാവും. ഇതില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് സമദാനി ആവശ്യപ്പെട്ടു.
റണ്‍വെയുടെ നീളം കുറക്കുന്ന നടപടിക്കെതിരേ എം.പിമാരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക സംഘടനകളും രംഗത്തുണ്ട്. ഇക്കാര്യം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അന്തിമമെല്ലെന്നാണ് മന്ത്രിയുടെ മറുപടിയുണ്ടായത്. അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും സമദാനി പറഞ്ഞു.