കണ്ണൂര്‍ - കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ കാറ്റില്‍ പറത്തി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടത്തിയ യൂനിയന്‍ തെരഞ്ഞെടുപ്പിനൊടുവില്‍ എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അണി നിരത്തി ആഹ്ലാദ പ്രകടനം. കണ്ണൂര്‍ നഗരത്തിലും, തോട്ടടയിലുമാണ് ജില്ലാ ഭരണാധികാരികളെ വെല്ലുവിളിച്ച് പ്രവര്‍ത്തകരെ അണിനിരത്തി പ്രകടനം നടത്തിയത്.
കണ്ണൂരില്‍ കോളേജുകളില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം. കൃഷ്ണമേനോന്‍ വനിതാ കോളേജ്, എസ്.എന്‍ കോളേജ് തുടങ്ങി നിരവധി കോളേജുകളില്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി.
നൂറിലധികം ആളുകളാണ് ഓരോ പ്രകടനത്തിലും പങ്കെടുത്തത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാകോളേജില്‍ വിദ്യാര്‍ഥിനികള്‍ ക്യാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ കണ്ണൂര്‍ നഗരത്തിലേക്ക് പ്രകടനം നടത്തി.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് ആയിരുന്നു ഇന്ന് . തിരഞ്ഞെടുപ്പ് നടത്തുന്നത് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. കണ്ണൂര്‍ ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ പൊതുപരിപാടികളോ സംഘം ചേരേ ലോ പാടില്ലെന്നാണ് ജില്ല ഭരണകൂടം നല്‍കിയ നിര്‍ദ്ദേശം.
എസ്.എഫ്.ഐയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ പലയിടങ്ങളിലും എസ്.എഫ് ഐ പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രകടനം നടത്തി.