കോട്ടയം- കൈപ്പത്തി വിട്ട് ഇടതുകരംപിടിക്കാന്‍ ജോസഫും കൂട്ടരും. യു.ഡി.എഫില്‍ നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഇടതുമുന്നണിയിലെത്താനുളള കരുക്കള്‍ നീക്കി തുടങ്ങി. ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അധികാരവും പദവിയും ലഭിച്ചതോടെയാണ് ജോസഫ് പക്ഷവും ഇടതു ക്യാമ്പ് ലക്ഷ്യമിട്ടത്. സമീപ ദിവസങ്ങളില്‍ ജോസ് കെ. മാണിയോടുളള വിമര്‍ശനത്തിനു മൃദുത്വം കൈവന്നതോടെയാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. മന്ത്രി ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് വഴിയാണ് ജോസഫ് വിഭാഗത്തിന്റെ ചര്‍ച്ചകള്‍ എന്നാണ് അറിയുന്നത്. ജോസഫും മോന്‍സ് ജോസഫും ഇടതു മുന്നണിയില്‍ ചേക്കാറാന്‍ തയാറാണ്. പകരം ജോസഫിനും മോന്‍സിനും ചില ഉറപ്പുകള്‍ കിട്ടണം അത്രമാത്രം. അതേ സമയം ജോസഫ് വിഭാഗം ഇപ്പോള്‍ കുടിയേറിയിരിക്കുന്ന കേരള കോണ്‍ഗ്രസിലെ പി.സി തോമസ് ഈ നീക്കത്തോട് യോജിക്കുന്നില്ല. സമീപകാലത്ത് പി.സി തോമസ് ഇടതു സര്‍ക്കാരിനെതിരെയുളള വിമര്‍ശനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതേ സമയം ജോസഫ് വിഭാഗം അത്ര കടുത്ത പ്രതികരണത്തിനില്ലതാനും.
മുന്നണി പ്രവേശനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് കരുതലോടെയാണ് പ്രതികരിക്കുന്നത്. മുന്നണി മാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ജോസ് കെ. മാണിയുടെ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാത്രമായിരുന്നു പ്രതികരണം. പി.ജെ ജോസഫുമായി തെറ്റിപിരിഞ്ഞ ജോസ് കെ. മാണി കേരള കോണ്‍ഗ്രസുമായി മുന്നോട്ടുപോകുകയും നിയമയുദ്ധത്തിലും ജോസഫ് അടിയറവു പറയുകയും ചെയ്തു. തുടര്‍ന്നു വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന വിശ്വാസത്തിലായിരുന്നു ജോസഫ് വിഭാഗം. ജോസ് വിഭാഗത്തിലെ സീനിയര്‍ നേതാക്കള്‍ എല്ലാം തന്നെ ജോസഫിനൊപ്പം ചേരുകയും ചെയ്തു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗവും ഇടതുമുന്നണിയും നേട്ടം കൊയ്തു. യു.ഡി.എഫ് തകര്‍ന്നു തരിപ്പണമായി. ഇതോടെ മുന്നണി മാറ്റത്തിനുളള ശ്രമം തുടങ്ങി. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മോന്‍സ് ജോസഫ് തന്റെ ഇടതുബന്ധങ്ങള്‍ വികസിപ്പിച്ചെടുത്തു. ജോസ് കെ. മാണി വിഭാഗം ജോസഫിനെ അടുപ്പിക്കുകയില്ലെന്ന് നന്നായി അറിയാം. ഇതോടെയാണ് ആന്റണി രാജു വഴി ചര്‍ച്ച തുടങ്ങിയത്. ആദ്യഘട്ടത്തിലുളള ആശയവിനിമയം പൂര്‍ത്തിയായികഴിഞ്ഞു. യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി നല്‍കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
തല്‍ക്കാലം ആന്റണി രാജു നയിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായി പിന്നീട് മോന്‍സ് ജോസഫിനെ മന്ത്രിയാക്കാനാണ് പരിപാടി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മല്‍സരിച്ച് പാര്‍ലമെന്റംഗമാകാനാണ് ജോസഫ് ലക്ഷ്യം. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ എം.എല്‍.എ ആയ മോന്‍സ് ജോസഫ് മുന്നണി മാറാന്‍ തയാറല്ല. മന്ത്രിയാക്കാം എന്ന ഉറപ്പിലാണ് മോന്‍സും മുന്നണിമാറ്റത്തിനുള്ള നീക്കങ്ങളില്‍ സജീവമായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ് ഇടുക്കി ലോക്‌സഭ. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ മകനെ തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുമാണ് പരിപാടി. പി.ജെ ജോസഫ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായവും തേടിയേക്കും. പക്ഷേ സി.പിഎം എടുക്കുന്ന തീരുമാനമാണ് ഇതില്‍ നിര്‍ണായകം. പി.ജെ ജോസഫും പിണറായി വിജയനുമായി അടുത്ത ബന്ധമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. നിയമസഭയിലും ആ സൗഹൃദം പ്രകടമാണ് പലപ്പോഴും.