തേഞ്ഞിപ്പലം-കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു 31-ന് പടിയിറങ്ങും. ഔദ്യോഗിക വസതിയുടെ വളപ്പില്‍ പത്തു കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ നട്ടാണ് ഇദ്ദേഹത്തിന്റെ മടക്കം. ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പ്രത്യേകം കുഴിയെടുപ്പിച്ചു നട്ട തൈകള്‍ നനയ്ക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത 14.5 ഏക്കര്‍ കാമ്പസ് ഭൂമിയില്‍ നിന്നു നിരവധി മരങ്ങളാണ് മുറിച്ചു നീക്കിയിട്ടുള്ളത്. പകരം അല്‍പം പച്ചപ്പ് പകരാന്‍ ഇതുപോലെയുള്ള ശ്രമങ്ങള്‍ക്കു കഴിയുമെന്നു തൈ നടീല്‍ ചടങ്ങിനെത്തിയവര്‍ പറഞ്ഞു.
പ്രൊവൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ആദ്യ തൈനട്ട് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, യൂണിവേഴ്സിറ്റി എന്‍ജിനീയര്‍ വി.ആര്‍. അനില്‍കുമാര്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവരും തൈ നടാനെത്തി.
2016-18 കാലത്ത് കാലിക്കറ്റില്‍ സിന്‍ഡിക്കറ്റംഗമായിരുന്നു ഡോ. സി.സി. ബാബു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ 2019 നവംബര്‍ 10നാണ് പരീക്ഷാ കണ്‍ട്രോളറായി ചുമതലയേറ്റത്. പ്രളയം മൂലവും കോവിഡ് കാലത്തെ അടച്ചിടലും നിയന്ത്രണങ്ങളും കാരണവും താളംതെറ്റിയ പരീക്ഷകളുടെ നടത്തിപ്പ് സാധാരണ നിലയിലേക്കെത്തിക്കാന്‍ പരീക്ഷാഭവന്‍ ജീവനക്കാര്‍ക്കൊപ്പം ഇദ്ദേഹം ഏറെ പ്രയത്നിച്ചു. അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്ത് ഫലപ്രഖ്യാപനങ്ങള്‍ സമയബന്ധിതമാക്കാനും പത്തു ദിവസത്തിനകം ബി.എഡ്. ഫലം പ്രഖ്യാപിക്കാനും പരീക്ഷാഭവനു കഴിഞ്ഞിരുന്നു. തൃശൂര്‍ ചാലക്കുടി സ്വദേശിയായ ഡോ. ബാബു കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി അടുത്ത ദിവസം ചുമതലയേല്‍ക്കും.