മലപ്പുറം- കേരളാ സ്റ്റുഡന്റ്‌സ് പോലീസില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംഘ് പരിവാറിന്റെ വിഘടന, വര്‍ഗ്ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാള്‍ വലിയ വര്‍ഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎമ്മെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
പട്ടാളത്തിലും പോലീസിലും സിഖുകാര്‍ക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാന്‍ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. ശബരിമലക്ക് പോകാന്‍ തയ്യാറെടുത്ത പൊലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം. അതുപോലെ തന്നെയാണ് ആ മുസ്ലിം വിദ്യാര്‍ത്ഥിനിയും ആവശ്യപ്പെട്ടത്. പക്ഷേ, 'മതപരമായ വേഷം അനുവദിക്കാന്‍ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്' സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല- ഫിറോസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
പട്ടാളത്തിലും പോലീസിലും സിഖുകാര്‍ക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാന്‍ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. പൊലീസുകാര്‍ക്ക് താടിവെക്കാന്‍ നമ്മുടെ സംസ്ഥാനത്ത് അനുമതിയില്ല. പക്ഷെ ശബരിമലക്ക് പോകാന്‍ തയ്യാറെടുത്ത പോലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം. ഈ അനുമതികളെല്ലാം പ്രസ്തുത വിശ്വാസങ്ങളോടും അവ പിന്തുടരുന്ന അനുയായികളോടുമുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. അങ്ങിനെയാണ് വേണ്ടതും. അതുപോലെ തന്നെയാണ് ആ മുസ്ലിം വിദ്യാര്‍ത്ഥിനിയും ആവശ്യപ്പെട്ടത്.
പക്ഷേ, 'മതപരമായ വേഷം അനുവദിക്കാന്‍ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്' സ്റ്റുഡന്റസ് പൊലീസ് കേഡറ്റിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല. സംഘ് പരിവാറിന്റെ വിഘടന, വര്‍ഗ്ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാള്‍ വലിയ വര്‍ഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം?
മതേതരത്വമെന്തെന്ന് നിര്‍വ്വചിക്കാനുള്ള അധികാരം സിപിഎമ്മിനുണ്ട്. പക്ഷേ ആ നിര്‍വ്വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശി പിടിക്കാന്‍ പാടില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ. അല്ലാതെ സി.പി.എം കരുതുന്ന പോലെ തങ്ങളല്ലാത്തവരെ, വിശിഷ്യാ വിശ്വാസികളെ തള്ളുകയും ആവശ്യമെങ്കില്‍ മാത്രം കൊള്ളുകയും ചെയ്യുന്ന തലശ്ശേരി കുഞ്ഞിരാമന്‍ ടൈപ്പ് വിശ്വാസ സംരക്ഷണ സിദ്ധാന്തമല്ല.