Sorry, you need to enable JavaScript to visit this website.

വടക്കഞ്ചേരി പന്നിയങ്കര ടോൾ: സൗജന്യപാസ് നൽകാനാവില്ലെന്ന്, നാട്ടുകാർ പ്രക്ഷോഭത്തിന്

പാലക്കാട്- വടക്കഞ്ചേരി പന്നിയങ്കരയിലെ ടോൾപിരിവ് കേന്ദ്രത്തിൽ പ്രദേശവാസികൾക്ക് സൗജന്യപാസ് നൽകാനാവില്ലെന്ന് ദേശീയപാതാ അതോറിറ്റി, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. 
ദേശീയപാതയിൽ വാളയാറിലും തൃശൂർ പാലിയേക്കരയിലും പ്രദേശവാസികൾക്ക് ചെറിയ തുക ഈടാക്കി മാസപ്പാസ് അനുവദിച്ചിട്ടുണ്ട്. പന്നിയങ്കരയിൽ അത്തരമൊരു സൗജന്യവും നൽകേതില്ല എന്നാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ആറുവരിപ്പാതയുടെ മുഖ്യകരാറുകാരായ കെ.എം.സി മാർക്കോ ലൈൻസ് എന്ന കമ്പനിക്കാണ് ടോൾ പിരിവിന്റെ ചുമതല. 
വാളയാറിലേയും പാലിയേക്കരയിലേയും മാതൃകയിൽ പന്നിയങ്കരയിലും പ്രദേശവാസികൾക്ക് സൗജന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി സംയുക്തസമരസമിതി ദേശീയപാതാ അതോറിറ്റിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായിട്ടില്ല. സമരസമിതി മന്ത്രി കെ. രാജന് നിവേദനം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലനടപടി ഉണ്ടായില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന് സമരസമിതി നേതാക്കളായ ബോബൻ ജോർജ്ജ്, പി.െജ. ജോസ് എന്നിവർ അറിയിച്ചു. പാലക്കാട്-തൃശൂർ ജില്ലയുടെ അതിർത്തിപ്രദേശത്താണ് ടോൾബൂത്ത് എന്നതിനാൽ ഇരുജില്ലകളിലേയും താമസക്കാരെ വിഷയം ബാധിക്കും. 


തൃശൂർ പാലിയേക്കരയിൽ ആദ്യഘട്ടത്തിൽ ടോൾബൂത്തിന്റെ പത്തു കിലോമീറ്റർ ചുറ്റുപരിധിയിലുള്ളവർക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇപ്പോൾ അവരിൽനിന്ന് 150 രൂപ ഈടാക്കി മാസപ്പാസ് നൽകുകയാണ്. വാളയാറിൽ ടോൾബൂത്തിന്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 285 രൂപക്കാണ് മാസപ്പാസ് അനുവദിച്ചിരിക്കുന്നത്. സമാനമായ എന്തെങ്കിലും സൗജന്യം പന്നിയങ്കരയിലും വേണം എന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. നിലവിലുള്ള ടോൾബൂത്തുകളിലെ ആനുകൂല്യങ്ങൾ പോലും എടുത്തു കളയാനാണ് ആലോചനയെന്നും അതിനിടയിൽ പുതിയ ടോളിൽ ഇളവ് അനുവദിക്കുകയെനന്നത് പ്രായോഗികമല്ല എന്നുമാണ് കരാർ കമ്പനി പറയുന്നത്.


എല്ലാ ദിവസവും ഭാരിച്ച ടോൾ നൽകി യാത്ര ചെയ്യാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് സമരസമിതി സംസ്ഥാന സർക്കാരിനെ സമീപിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലനടപടി ഉണ്ടാകാത്ത പക്ഷം ദേശീയപാതയിൽ വാഹനങ്ങൾ തടയുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് സമിതിയുടെ തീരുമാനം. 
ദേശീയപാതാ പുനർനിർമാണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന വടക്കഞ്ചേരി-വാണിയമ്പാറ സർവീസ് റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീ കരിക്കണം എന്ന ആവശ്യവും സമരക്കാർ ഉയർത്തുന്നുണ്ട്. 

Latest News