കോഴിക്കോട്- സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിഫോം കോഡിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ വസ്ത്ര രീതികൾ അനുവദിച്ചാൽ രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വത്തിന് കോട്ടം സംഭവിക്കുമെന്നും അതിനാൽ എസ്.പി.സി യൂനിഫോം കോഡറ്റിൽ മഫ്ത അനുവദിക്കാൻ പറ്റില്ലെന്നുള്ള സർക്കാർ നിലപാട് അപകടകരവും മുസ്‌ലിം വിഭാഗത്തിന് ഭരണഘടനാപരമായി ലഭ്യമാകേണ്ട വിശ്വാസ അവകാശത്തെ വെല്ലുവിളിക്കുന്നതും ആണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന മതേതരത്വം ആണ് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്നത്.
മതചിഹ്നങ്ങൾ യൂനിഫോമിൽ ഉൾപ്പെടുത്തുന്നത് മതേതരത്വത്തിന് ഭീഷണിയാണെന്ന് പറയുന്ന കേരള സർക്കാർ നിലപാട് വൈവിധ്യങ്ങളെ ഉൾക്കൊള്ളാത്തതും സി.പിഎമ്മിന്റെ മതവിരുദ്ധ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം ജനവിഭാഗം ഉപയോഗിക്കുന്ന മത ചിഹ്നങ്ങൾ മതേതരത്വത്തിന് വിരുദ്ധമാണെന്ന് സർക്കാറിന് നേതൃത്യം നൽകുന്ന സി.പി.എമ്മിന് നിലപാടുണ്ടോ എന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം -അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.പി.സി കേഡറ്റായ കുറ്റ്യാടി ഹയർസെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിസ നഹാൻ യൂനിഫോം കോഡിൽ മഫ്തയും ഫുൾസ്‌ലീവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് നൽകിയ പരാതി തള്ളിക്കൊണ്ട് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും രാജ്യത്തെ പൗരന്മാർക്ക് അവരുടെ വിശ്വാസം നിലനിർത്തിക്കൊണ്ട് എല്ലാ മേഖലകളിലും ഇടപെടാൻ കഴിയുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ റഷാദ് വി.പി, വാഹിദ് ചുള്ളിപ്പാറ, മുഹമ്മദ് സഈദ് ടി.കെ, അഡ്വ. അബ്ദുൽ വാഹിദ്, തഷ്‌രീഫ. കെ.പി തുടങ്ങിയർ പങ്കെടുത്തു.