Sorry, you need to enable JavaScript to visit this website.

പരവൂര്‍ കായലില്‍ കയാക്കിംഗ് നടത്തിയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് നേരേ ആക്രമണം

കൊല്ലം - പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വിനോദ സഞ്ചാരികളെ ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമം.
പോലിസ് കേസെടുത്തു. രണ്ട് ബൈക്കുകള്‍ പോലിസ് പിടിച്ചെടുത്തു. കായല്‍ തീരത്ത് പരസ്യമദ്യപാനം നടത്തിയ പത്തോളം വരുന്ന സംഘമാണ് കരയിലും കായലിലും നിന്ന് കൊണ്ട് കല്ലേറ് നടത്തുകയും ഇംഗ്‌ളീഷിലും മലയാളത്തിലും അസഭ്യവര്‍ഷം നടത്തുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. പൊഴിക്കര മുക്കം ലക്ഷ്മിപുരം തോപ്പില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍സ്‌പോര്‍ട്ട്‌സ് കേന്ദ്രത്തിലെ ഗൈഡിനൊപ്പം പരവൂര്‍ കായലില്‍ കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം പകല്‍ ആക്രമണം ഉണ്ടായത്. രണ്ട് റഷ്യന്‍ സ്വദേശികളും രണ്ട് ദല്‍ഹി സ്വദേശികള്‍ക്കുമാണ് ദുരനുഭവം ഉണ്ടായത്. കയാക്കിംഗ് കോതേത്ത് കടവിലെത്തിയപ്പോള്‍ അവിടെ മദ്യപിച്ച് നീന്തല്‍ നടത്തുകയായിരുന്ന അക്രമി സംഘം വിനോദ സഞ്ചാരികളെ അപായപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കഷ്ടിച്ച് രക്ഷപെട്ട വിനോദ സഞ്ചാരികള്‍ ടി.എസ് കനാലിലൂടെ കയാക്കിംഗ് നടക്കുന്നതിനിടെ പിന്തുടര്‍ന്ന് റോഡ് മാര്‍ഗം ബൈക്കിലെത്തിയ അക്രമികള്‍ ഇവരെ അസഭ്യം പറയുകയും കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളുടെ നമ്പര്‍ സഹിതം പരവൂര്‍ പോലിസില്‍ പരാതി നല്‍കി. പോലിസ് നടത്തിയ തെരച്ചിലില്‍ കോതേത്ത് കടവില്‍ നിന്നും രണ്ട് ബൈക്കുകള്‍ കണ്ടെടുത്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
സദാചാര ഗുണ്ടായിസവും സാമൂഹ്യവിരുദ്ധരുടെ ശല്യവും പരവൂരില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഭീഷണിയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ്
പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ ആക്രമണം ഉണ്ടായത്. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്ക് നേരെ തെക്കുംഭാഗം ബീച്ചില്‍ വച്ച് ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോള്‍ വിദേശികള്‍ ഉള്‍പ്പെടുന്ന ടൂറിസ്റ്റ്
സംഘത്തിന് നേരെ ആക്രമണവും.
പരവൂരിന്റെ തീരം മദ്യ-മയക്കുമരുന്ന് കച്ചവടക്കാരുടെയും അത് വാങ്ങാന്‍ വരുന്നവരുടെയും ഉപയോഗിക്കാന്‍ വരുന്നവരുടെയും വിഹാര കേന്ദ്രമാണ്. ഇവരെ പിടികൂടാന്‍ പോലിസ്, എക്‌സൈസ് സംഘങ്ങള്‍ തയാറാകാത്തത് മൂലം ഇവരുടെ ശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്.
സാമൂഹ്യവിരുദ്ധ ശല്യം മൂലം വിനോദസഞ്ചാരികളുടെ എണ്ണവും ദിനംപ്രതി കുറഞ്ഞു വരികയാണ്.

 

Latest News