റിയാദ് - സൗദി അറേബ്യക്കും യെമനില്‍ നിയമാനുസൃത ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്കും യു.എ.ഇക്കും നേരെ ഹൂത്തി മിലീഷ്യകള്‍ ഇതുവരെ 436 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി സഖ്യസേന പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണത്തിന് തയാറാക്കിയ 883 ഡ്രോണുകളും 101 റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും ഹൂത്തികള്‍ തൊടുത്തുവിട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ഷെല്ലുകള്‍ ഉപയോഗിച്ചും ഹൂത്തികള്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സഖ്യസേന പറഞ്ഞു.
അതിനിടെ, മാരിബില്‍ അല്‍മതാര്‍ ഡിസ്ട്രിക്ടിനു നേരെ ബുധനാഴ്ച ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ സ്ത്രീ അടക്കം അഞ്ചു സാധാരണക്കാര്‍ മരണപ്പെടുകയും അഞ്ചു കുട്ടികളും രണ്ടു സ്ത്രീകളും അടക്കം 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ നിര്‍മിത മിസൈല്‍ ഉപയോഗിച്ചാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. ജനവാസ കേന്ദ്രങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നേരെ ഹൂത്തികള്‍ നടത്തിയ കരുതിക്കൂട്ടിയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്‍ഇര്‍യാനി പറഞ്ഞു. ഹൂത്തികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ സ്വീകരിക്കണം.
മാരിബ് ആക്രമണത്തെ അന്താരാഷ്ട്ര സമൂഹവും യു.എന്നും മനുഷ്യാവകാശ സംഘടനകളും യെമനിലേക്കുള്ള അമേരിക്കന്‍, യു.എന്‍ ദൂത•ാരും അപലപിക്കണം. ഹൂത്തികളെ എത്രയും വേഗം ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യുദ്ധക്കുറ്റവാളികള്‍ എന്നോണം ഹൂത്തി നേതാക്കളെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ആവശ്യപ്പെട്ടു.