തിരുവനന്തപുരം- കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. കാറ്റഗറി ഒന്നിലുളള മലപ്പുറത്തും നിയന്ത്രണങ്ങളില്‍ ഇതുവരെപെടാത്ത കോഴിക്കോടും രോഗബാധിരുടെ എണ്ണമുയരുന്നുണ്ട്. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും.ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ 'സി' കാറ്റഗറിയിലാവാന്‍ സാധ്യതയുണ്ട്. ഇന്നു ചേരുന്ന കോവിഡ് അവലോകനയോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ കേരളത്തില്‍ 50,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള 'സി' കാറ്റഗറിയില്‍ വരിക. ഇപ്പോള്‍ തിരുവനന്തപുരം മാത്രമാണ് 'സി' വിഭാഗത്തിലുളളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു. ആശുപത്രി സൗകര്യങ്ങള്‍ കുറവായ ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുളളത്. 17 ഐസിയു കിടക്കകളും 23 ഓക്‌സിജന്‍ കിടക്കകളുമാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്.