കൊച്ചി- നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വി.ഐ.പി താനല്ലെന്നും ഇത് തെളിയിക്കാന്‍ നുണപരിശോധനക്ക് തയാറാണെന്നും നടന്‍ ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടല്‍ ഉടമയുമായ ശരത് ജി. നായര്‍. ആരോപണമുന്നയിച്ച ബാലചന്ദ്രകുമാറിനെ നുണപരിശോധനക്ക് ശരത് വെല്ലുവിളിച്ചു. താന്‍ ഒളിവിലല്ലെന്നും ആലുവയിലെ വീട്ടില്‍ തന്നെയുണ്ടെന്നും ഇദ്ദേഹം ഒരു ടി.വി ചാനലിനെ അറിയിച്ചു.
ദിലീപ് തന്റെ ആത്മസുഹൃത്താണെന്നതല്ലാതെ കേസുമായും ഗൂഢാലോചനയുമായും തനിക്കൊരു ബന്ധവുമില്ലെന്നും ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ കെട്ടുകഥയാണെന്നും ശരത് പറയുന്നു. ഏതന്വേഷണവും നേരിടാന്‍ തയാറാണ്. വിവാദങ്ങള്‍ക്ക് പിന്നാലെ ഫോണ്‍ ഓഫാക്കിവച്ചത് ആളുകളുടെ ശല്യം മൂലമാണെന്നും വ്യക്തമാക്കി. വെളിപ്പെടുത്തലില്‍ ഇക്ക എന്ന വിശേഷിപ്പിക്കുന്നത് തന്നെയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ശരത് താനൊരു മുസ്ലീമല്ല, പിന്നെ എങ്ങനെ ഇക്കയാവുമെന്ന ചോദ്യവും ഉന്നയിക്കുന്നു. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയിരുന്നെങ്കില്‍ ഏറ്റവുമടുത്ത സുഹൃത്തായ തനിക്ക് അതേക്കുറിച്ച് വിവരം ലഭിക്കുമായിരുന്നു. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ശരത് പറയുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ച് നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ വി ഐ പി ശരത്താണെന്ന് തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വി ഐ പിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ ഡി ജി പി ശ്രീജിത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.