കൊച്ചി- ലോകായുക്തയെ നിര്‍ജ്ജീവമാക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി പുറപ്പെടുവിച്ച ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് നിയമ മന്ത്രി പി. രാജീവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രതികരങ്ങളും പ്രതിരോധവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതിയുടെ രണ്ട് സുപ്രധാന വിധികള്‍കൂടി അനുസരിച്ചുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞത്. എന്നാല്‍ ഹൈക്കോടതിയുടെ രണ്ടു വിധികളുള്ളത് ഇപ്പോള്‍ ഭേദഗതി നടത്തിയിരിക്കുന്ന 14-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല. ലോകായുക്താ നിയമത്തിന്റെ 12-ാം വകുപ്പുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി വിധി. 12-ാം വകുപ്പ് അനുസരിച്ച് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമെ ലോകായുക്തയ്ക്കുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ 14-ാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. 14-ാം വകുപ്പ് അനുസരിച്ചാണ് ലോകായുക്ത നിഗമനങ്ങളിലെത്തുന്നതും കേസിന്റെ ഭാഗമായി പ്രതി സ്ഥാനത്ത് നില്‍ക്കുന്നയാളെ ഓഫീസില്‍ നിന്നും മാറ്റണം, രാജി വയ്ക്കണം എന്നൊക്കെ പറയുന്നത്. ലോകായുക്തയുടെ 22 വര്‍ഷത്തെ ചരിത്രത്തില്‍ 14-ാം വകുപ്പുമായി ബന്ധപ്പെട്ട് കെ.ടി ജലീന്റെ കേസില്‍ മാത്രമാണ് ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. അനാവശ്യമായി ദുരിതാശ്വാസ നിധി ഉപയോഗിച്ചെന്ന മൂന്ന് കേസും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ കേസും ഉള്‍പ്പെടെ നാലു കേസുകള്‍ 14-ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ മുന്നിലുണ്ട്. ജലീലിന്റെ കേസില്‍ മാത്രമാണ് 14- ാം വകുപ്പ് പ്രകാരം ലോകായുക്ത ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന് നിയമമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് മന്ത്രിമാര്‍ രാജിവയ്ക്കേണ്ടത് ഗവര്‍ണറുടെ താല്‍പര്യത്തിന് അനുസരിച്ചാണെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞ മറ്റൊരു ന്യായീകരണം. ഗവര്‍ണറുടെ 'പ്ലഷര്‍' അനുസരിച്ച് മാത്രമല്ല മന്ത്രിമാര്‍ രാജിവയ്ക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് ഒരു മന്ത്രിയെ എം.എല്‍.എ എന്ന നിലയില്‍ അയോഗ്യനാക്കിയാലും രാജി വയ്ക്കണം. ഇതുകൂടാതെ അനുച്ഛേദം 226 അനുസരിച്ച് ഹൈക്കോടതിയില്‍ ക്വാ വാറണ്ടോ റിട്ടുകള്‍ പ്രകാരമുള്ള ഉത്തരവ് വന്നാലും ഗവര്‍ണറുടെ അനുമതി ഇല്ലാതെ മന്ത്രിക്ക് രാജിവയ്ക്കേണ്ടി വരും. ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും ഒരു മന്ത്രിയുടെ രാജി മന്ത്രിസഭ തീരുമാനിച്ച് ഗവര്‍ണറെ അറിയിച്ചിട്ടും രാജിവച്ചില്ലെങ്കില്‍ ആ മന്ത്രിയെ ഗവര്‍ണര്‍ക്ക് പുറത്താക്കാം. ഈ അനുച്ഛേദം ചൂണ്ടിക്കാട്ടി മന്ത്രിമാരെ പുറത്താക്കാന്‍ കോടതികള്‍ക്ക് അധികാരം ഇല്ലെന്നു പറയുന്നത് തെറ്റാണ്. സുപ്രീം കോടതിക്കും ഹൈക്കോടതികള്‍ക്കുമുള്ള റിട്ട് അധികാരങ്ങളെ പറ്റിയും ഭരണഘടന പറയുന്നുണ്ട്.
1999-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്ന ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോള്‍ പറയാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അപ്പീല്‍ പ്രൊവിഷന്‍ ഇല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഹൈക്കോടതിയിലേക്ക് അപ്പീല്‍ നല്‍കാനുള്ള ഒരു പ്രൊവിഷന്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ പ്രതിപക്ഷം പിന്തുണക്കാന്‍ തയ്യാറാണെന്ന് സതീശന്‍ പറഞ്ഞു.