തിരുവനന്തപുരം- റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട്. പതാക ഉയര്‍ത്തുന്നതിനു മുന്‍പേ കയര്‍ അഴിച്ചു കൊടുക്കുന്ന ആള്‍ക്കു വീഴ്ച സംഭവിച്ചതായാണു വിലയിരുത്തല്‍. രണ്ട് പോലീസുകാര്‍ക്കു വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയും മേലുദ്യോഗസ്ഥനു റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടി ഉണ്ടാകും.
പതാകയും കൊടിമരവുമെല്ലാം വൃത്തിയാക്കി പതാക ഉയര്‍ത്തല്‍ ദിവസത്തേക്കു സജ്ജമാക്കേണ്ട ചുമതല റവന്യു വകുപ്പിനാണ്. കാസര്‍കോട് വില്ലേജ് ഓഫീസര്‍ക്കാണ് ഈ ഉത്തരവാദിത്തമുണ്ടായിരുന്നത്. പിന്നീടു പതാക കെട്ടുന്നതും ഉയര്‍ത്തുന്നതുമെല്ലാം പോലീസിന്റെ മേല്‍നോട്ടത്തിലാണ്. ഉയര്‍ത്തലിനു മുന്‍പ് റിഹേഴ്‌സലും നടത്തണം. വെള്ളത്തുണി ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തി എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കണം. അതിനു ശേഷമേ പതാക ഉയര്‍ത്താനുള്ള അന്തിമ അനുമതി നല്‍കാറുള്ളു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തുമ്പോള്‍ ഏതു കയറാണു വലിക്കേണ്ടതെന്നു ചൂണ്ടിക്കാണിക്കേണ്ടതും പോലീസില്‍ നിന്നു ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്ന സമയത്തും പതാക തലകീഴായി പോയ കാര്യം മന്ത്രിയോ പോലീസോ വകുപ്പ് ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചില്ല. മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയത്.