നോര്‍ത് സൗണ്ട് (ആന്റിഗ്വ) - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യ 29 ന് നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഇന്ത്യയെ അട്ടിമറിച്ചാണ് ബംഗ്ലാദേശ് ചാമ്പ്യന്മാരായത്. ഇന്ത്യ നാലു തവണ കിരീടം നേടിയിരുന്നു. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മറ്റൊരു സൂപ്പര്‍ ലീഗ് മത്സരം. ഇരു ടീമുകളും ഇതുവരെ ചാമ്പ്യന്മാരായിട്ടില്ല. മൂന്നു തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും ആതിഥേയരായ വെസ്റ്റിന്‍ഡീസിനെയും തോല്‍പിച്ച ശ്രീലങ്ക എതിരാളികള്‍ക്ക് വെല്ലുവിളിയാണ്. പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍.
കോവിഡ് ടീമിനെ ഉലച്ചെങ്കിലും ഉജ്വല വിജയങ്ങളുമായാണ് ഇന്ത്യ സൂപ്പര്‍ലീഗില്‍ സ്ഥാനം നേടിയത്. ഗ്രൂപ്പ് ബി-യിലെ മൂന്നു കളികളും ഇന്ത്യ ജയിച്ചു. ദക്ഷിണാഫ്രിക്കയെയും അയര്‍ലന്റിനെയും കീഴടക്കിയ ഇന്ത്യ അവസാന കളിയില്‍ 326 റണ്‍സിന് ഉഗാണ്ടയെ തകര്‍ത്തു. ബംഗ്ലാദേശ് ഗ്രൂപ്പ് എ-യിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.