അങ്കമാലി- മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടി(52)നെ കൊലപ്പെടുത്തിയ കേസിൽ മുൻ കപ്യാർ പിടിയിലായി. മുപ്പത് വർഷത്തോളം മലയാറ്റൂർ കുരിശുമുടിയുടെ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി വട്ടേക്കാടനെയാണ് പിടികൂടിയത്. ഫാ. തേലക്കാട്ടിനെ തടഞ്ഞുനിർത്തി കത്തിയുപയോഗിച്ചു കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വനത്തിനകത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
വ്യാഴാഴ്ച്ചയാണ് ഫാ. സേവ്യർ തേലക്കാടിനെ ജോണി കുത്തികൊലപ്പെടുത്തിയത്. കുരിശുമുടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് താഴെയ്ക്ക് ഇറങ്ങുന്നതിനിടെ ആറാം സ്ഥലത്ത് കാത്ത് നിന്നിരുന്ന പ്രതി അച്ഛനുമായി വാക്കേറ്റം ഉണ്ടാക്കുകയും കൈയിലിരുന്ന കത്തിയെടുത്തു കുത്തകയുമായിരുന്നു. ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. തുടർന്ന് കൂടെ ഉണ്ടായിരുന്ന നാല് പേർ ചുമന്ന് അച്ഛനെ താഴ്ത്ത് എത്തിച്ചതിനു ശേഷമാണ് ആംബുലൻസിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെത്തിച്ചത്. അവിടെയെത്തും മുമ്പു മരണം സംഭവിച്ചിരുന്നു രക്തം വാർന്നാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജോണിയെ സ്വഭാവദൂഷ്യത്തിൻറെ പേരിൽ ഏതാനും ആഴ്ചകൾക്കു മുമ്പു കപ്യാർ ജോലിയിൽ നിന്നു താത്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു. വ്യാഴാഴ്ച ചർച്ചയ്ക്കായി എത്താൻ ജോണിയോടു ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നതായും ദേവാലയ അധികൃതർ അറിയിച്ചു. ഇതിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്. പെരുമ്പാവൂർ ഈസ്റ്റ് ചേരാനല്ലൂർ ഇടവകാംഗമാണു ഫാ. സേവ്യർ തേലക്കാട്ട്. 1966 ഒക്ടോബർ 12നാണു ജനനം. പരേതനായ പൗലോസും ത്രേസ്യയുമാണു മാതാപിതാക്കൾ. 1993 ഡിസംബർ 27നാണ് പൗരോഹിത്യം സ്വീകരിച്ച് വൈദീകനായി അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളിൽ സഹവികാരിയായും തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളിൽ വികാരി, സിഎൽസി അതിരൂപത പ്രമോട്ടർ, പിഡിഡിപി വൈസ് ചെയർമാൻ, എറണാകുളം അമൂല്യ ഇൻഡസ്ട്രീസ് ആൻഡ് ഐടിസി ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 2011 മുതൽ കുരിശുമുടി റെക്ടറാണ്.