Sorry, you need to enable JavaScript to visit this website.

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയതോടെ വെട്ടിലായി വെള്ളാപ്പള്ളി

കൊല്ലം -എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ വെട്ടിലായ അവസ്ഥയിലാണ് വെള്ളാപ്പള്ളി. മുഴുവന്‍ സ്ഥിരാംഗങ്ങള്‍ക്കും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ വോട്ടുചെയ്യാന്‍ കഴിയുമെന്ന അവസ്ഥയാണ് പ്രധാനമായും വെള്ളാപ്പള്ളിയെ പ്രതിസന്ധിയിലാക്കിയത്. സമുദായം ഒന്നടങ്കം വിധിയെ സ്വാഗതം ചെയ്തതോടെ വിധിക്കെതിരേ നീങ്ങിയാല്‍ അത് തിരിച്ചടിയാകുമോയെന്ന ഭയവും വെള്ളാപ്പള്ളിക്കുണ്ട്. ഫെബ്രുവരി 5ന് യോഗം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവും വന്നതോടെ തെരഞ്ഞെടുപ്പും മാറ്റിവച്ചു.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുതിയ വോട്ടര്‍പ്പട്ടികയുണ്ടാക്കി ഉടന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്ന് കണ്ടതോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് തന്നെ മാറ്റി വച്ചത്.
നിലവില്‍ ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാളെന്ന നിലയ്ക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഒരു ശാഖയില്‍ 600 പേരുണ്ടെങ്കില്‍ മൂന്നു പേര്‍ക്ക് വോട്ടവകാശം കിട്ടും. പതിനായിരത്തോളം പേര്‍ക്കാണ് ഇത്തരത്തില്‍ പ്രാതിനിധ്യ വോട്ടവകാശം ഉണ്ടായിരുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹരജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
1974- ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യ വോട്ടവകാശം നിശ്ചയിച്ചിരുന്നത്. നൂറുപേര്‍ക്ക് ഒരാള്‍ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളില്‍ ഇതുണ്ടായിരുന്നത്. എന്നാല്‍ 1999 ല്‍ യോഗത്തിന്റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറില്‍ ഒരാള്‍ക്കാക്കി മാറ്റുകയാണുണ്ടായത്. ഇത്തരത്തില്‍ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമില്ലെന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി തന്നെ ഹൈക്കോടതി റദ്ദാക്കിയത്. 99- ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ യോഗത്തിലെ സ്ഥിരാംഗങ്ങളായ 32 ലക്ഷത്തോളം പേര്‍ക്കാണ് ഇനിമുതല്‍ വോട്ടവകാശം ലഭിക്കുക. എന്നാല്‍
രണ്ടും കല്‍പ്പിച്ച് വെള്ളാപ്പള്ളി രംഗത്തുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനാണ് വെളളാപ്പളളിയുടെ തീരുമാനം. കൂടാതെ വിധിയുടെ ഇളവിനായി സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കും. കേസില്‍ കക്ഷി ചേരാന്‍ വെള്ളാപ്പള്ളി വിരുദ്ധര്‍ കൂടി വരുന്നതോടെ പോരാട്ടം സുപ്രീംകോടതി വരെ നീളാനുള്ള സാധ്യതയും ഏറെയാണ്.
25 വര്‍ഷമായി താന്‍ തുടരുന്നത് പ്രാതിനിധ്യ വോട്ടുരീതിയാണെന്നും തുടര്‍ന്നും അതു തന്നെ വേണമെന്നതുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്.
സംസ്ഥാനത്തെ ശ്രീനാരായണീയരില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷ അനുകൂലികളാണ്. സി.പിഎമ്മിന്റെ വോട്ട് ബാങ്കിന്റെ കരുത്ത് തന്നെ ഈഴവ സമൂഹത്തിലാണ്. നിലവിലെ രീതിക്ക് പകരം കോടതി പറഞ്ഞ പ്രകാരം വിശാലമായ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, എസ്.എന്‍.ഡി.പി യോഗം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് സി.പി.എം ആയിരിക്കും. എന്നാല്‍ വെള്ളാപ്പള്ളിയുമായിട്ടുള്ള ആത്മബന്ധം വച്ച് പുതിയെ വിധിക്ക് സര്‍ക്കാരിന് ഇളവു നല്‍കാനും കഴിയും. അങ്ങനെ വന്നാല്‍ സി.പി.എമ്മിന്റെ താല്‍പര്യം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഇതേ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പില്‍ ത്രികോണ പോരാട്ടമായിരിക്കും നടക്കുക. യോഗം ജനറല്‍ സെക്രറിയായി ബി.ഡി. ജെ.എസ് നേതാവ് കൂടിയായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അവരോധിക്കാനുള്ള വെള്ളാപ്പള്ളിയുടെ മോഹമാണ് കോടതി വിധിയിലൂടെ തകര്‍ന്നത്. വെള്ളാപ്പള്ളി വിരുദ്ധപക്ഷത്ത് നേതൃത്വം കൊടുക്കുന്ന വ്യവസായി ഗോകുലം ഗോപാലനും വെള്ളാപ്പളളിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന പിണറായി വിജയന്‍ എടുക്കുന്ന നിലപാടുകളായിരിക്കും സര്‍ക്കാരിന്റേതായി മാറുക. മൂന്ന് വര്‍ഷം കൂടുമ്പോള്‍ പൂര്‍ണരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സി.പി.എമ്മിന് എസ്.എന്‍.ഡി.പി യോഗത്തിന്റെ പൂര്‍ണ ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയെ തള്ളിക്കളയാനുമാകില്ല. സി.പി.എമ്മില്‍ത്തന്നെ വലിയൊരു വിഭാഗം പുതിയ തെരെഞ്ഞെടുപ്പ് രീതിയെ അനുകൂലിക്കുന്നവരാണ്. ഏതറ്റം വരെ നിയമ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി.

 

Latest News