കൊച്ചി- മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. തോമസ് ചാണ്ടിക്ക് കലക്ടർ നൽകിയ രണ്ടു നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. തെറ്റായ സർവേ നമ്പറുകളിലാണ് നോട്ടീസ് നൽകിയതെന്ന് കോടതി കണ്ടെത്തി. ഇക്കാര്യം അംഗീകരിച്ച കലക്ടർ വസ്തുകൾ പരിശോധിച്ചില്ലെന്ന് വ്യക്തമാക്കിയതോടെ പിന്നെ കലക്ടർ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. തോമസ് ചാണ്ടിയുടെ കീഴിലുള്ള വാട്ടർവേൾഡ് ടൂറിസം കമ്പനിയാണ് ഹരജി നൽകിയത്.
ഈ കമ്പനിക്കെതിരായ നിലംനികത്തൽ ആരോപണത്തിൽ ഫെബ്രുവരി 23ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടീസ്. ഈ നോട്ടീസിൽ ബ്ലോക്ക് നമ്പറും സർവേ നമ്പറും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. തെറ്റ് മനസിലായ ഉടൻ തിരുത്തി നോട്ടീസ് അയച്ചിരുന്നുവെന്നും ഇരു നോട്ടീസുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടർ പറഞ്ഞിരുന്നു. ഇതേതുടർന്ന് കോടതി നോട്ടീസ് റദ്ദാക്കി.