ഓസ്‌ട്രേലിയയില്‍ നഴ്‌സാക്കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടി, ദമ്പതികള്‍ പിടിയില്‍

പാലക്കാട്- വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ബംഗലൂരു സ്വദേശി ബിജു ജോണ്‍, ഭാര്യ ലിസമ്മ ജോണ്‍ എന്നിവര്‍ പിടിയിലായി.
വടക്കഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. ബംഗളുരു കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയില്‍നിന്ന് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയുടെ ഭാര്യക്ക് ഓസ്ട്രേലിയയില്‍ നഴ്‌സ് ജോലിക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞാണ് പലതവണയായി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തത്.

പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്പോള്‍ കോവിഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പറഞ്ഞു ബിജു ജോണ്‍ ഒഴിഞ്ഞുമാറി. താന്‍ ചതിക്കപ്പെടുകയാണെന്ന് മനസിലായതോടെയാണ് ബിനോയ് വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വടക്കഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ബംഗളുരുവിലെത്തി അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Latest News