മലപ്പുറം-പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നതായി സി.പി.ഐ നേതാവ് കെ.ഇ ഇസ്മയില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. കണ്‍ട്രോള്‍ കമ്മീഷന്റെ കണ്ടെത്തല്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയിലിന്റെ പരാതി. ഇസ്മായില്‍ നടത്തിയ വിദേശയാത്രയും വിദേശ പിരിവുകളും പാര്‍ട്ടിക്ക് നിരക്കാത്തതാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ഇത് തുടര്‍ന്നാല്‍ രാഷ്ട്രീയ ജീവിതം മതിയാക്കുമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിക്ക് അയച്ച കത്തില്‍ ഇസ്മയില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇസ്മായില്‍ തയാറായില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.
പാര്‍ട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയ ഇസ്മായില്‍ അവിടത്തെ പാര്‍ട്ടി ഘടകങ്ങളെ അറിയിക്കാതെ ഫണ്ട് പിരിവു നടത്തിയെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം. വിദേശത്ത് വിലകൂടിയ ഹോട്ടല്‍മുറികളില്‍ താമസിച്ച ഇസ്മായില്‍ ആഡംബരജീവിതം നയിച്ചുവെന്നും ആക്ഷേപമുണ്ട്. ഹോട്ടലിലെ താമസത്തിന് സൃഹൃത്താണ് പണം നല്‍കിയതെന്നാണ് ഇസ്മായില്‍ നല്‍കിയ വിശദീകരണം. പരാതി അന്വേഷിച്ച കണ്‍ട്രോള്‍ കമ്മിഷന്‍ ഇസ്മായിലിന്റെ നടപടികള്‍ പാര്‍ട്ടിവിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു.