റിയാദ്- സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളും സ്വദേശികളും സന്ദര്‍ശക വിസയിലെത്തുന്ന ടൂറിസ്റ്റുകളും യാത്രാ നിബന്ധനകള്‍ പാലിക്കാത്തതാണ് എയര്‍പോര്‍ട്ടുകളില്‍ കാത്തുനില്‍ക്കാന്‍ ഇടവരുത്തുന്നതെന്ന് അധികൃതര്‍. നിബന്ധനകള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാത്തവര്‍ ക്വാറന്റൈനിലേക്ക് പോകേണ്ടിയും വരും.
യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറിനിടെ അംഗീകൃത ലബോറട്ടറിയില്‍നിന്ന് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സൗദിയിലേക്ക് വരുന്നതിന് നിര്‍ബന്ധമാണ്.
തവക്കല്‍നയില്‍നിന്നുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും മുഖീം, ഖുദൂം പ്ലാറ്റ്‌ഫോമുകളില്‍ രജിസ്‌ട്രേഷനുമാണ് മറ്റൊരു നിബന്ധന.
സൗദി നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളിലെത്തിയാല്‍ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കോവിഡില്‍നിന്നുള്ള ഇമ്യൂണ്‍ രേഖപ്പെടുത്തുക.
സൗദി പൗരന്മല്ലാത്തവര്‍ക്കും സൗദിയില്‍ താമസക്കാരല്ലാത്ത വിദേശികള്‍ക്കും ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ സൗദി അറേബ്യയും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കണം. ഫൈസര്‍, ആസ്ട്രാസെനക്ക, മോഡേണ വാക്‌സിനോ ഒരു ഡോസ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനോ സ്വീകരിച്ചിരിക്കണം. രണ്ടാമെത്ത ഡോസ് സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ നിര്‍ബന്ധം.
എല്ലാ സന്ദര്‍ശകരും ഖുദ്ദൂം പ്ലാറ്റ്‌ഫോം വഴിയാണ് തങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. പ്രവേശന നടപടികള്‍ എളുപ്പമാക്കാനാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. സൗദിയില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഖുദൂം പ്ലാറ്റ്‌ഫോം സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്.
സൗദി പൗരന്മാരുടെ ഇമ്യൂണിറ്റി തവക്കല്‍നാ സ്റ്റാറ്റസ് പരിശോധിച്ചാണ് തീരുമാനിക്കുക. സൗദിക്കു പുറത്തുനിന്ന് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പ്രവാസികള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്‌ളാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം.
https://eservices.moh.gov.sa/CoronaVaccineRegistration
സൗദിയില്‍നിന്ന് ചുരുങ്ങിയത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഒഴിവാകുക. സൗദിയില്‍നിന്ന് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.