തിരുവനന്തപുരം- ലോകായുക്ത സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചു. ഗവര്‍ണറുടെ നിയമോപദേഷ്ടാവിനു പുറമേ, ദല്‍ഹിയിലെ പ്രമുഖ നിയമവിദഗ്ധരുമായും ബന്ധപ്പെടാനാണ് തീരുമാനം.
പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം ഇതിനകം വിവാദമായിട്ടുണ്ട്. . അധികാര സ്ഥാനത്തുള്ളവര്‍ അഴിമതിയുടെ പേരില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു ലോകായുക്ത പ്രഖ്യാപിച്ചാലും ബന്ധപ്പെട്ട അധികാരികള്‍ക്കു ഹിയറിങ് നടത്തി അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണു കൊണ്ടുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനുമെതിരായ പരാതികള്‍ ലോകായുക്ത പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധിസംഘം നാളെ രാവിലെ ഗവര്‍ണറെ കാണും. വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമുള്ള നടപടിയാണെന്നാണു സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വാദം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ബന്ധുനിയമനക്കേസില്‍ ലോകായുക്ത റിപ്പോര്‍ട്ട് മൂലം കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജി വച്ചതിനെത്തുടര്‍ന്നായിരുന്നു എജിയുടെ നിയമോപദേശം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്റെയും കെ.കെ.രാമചന്ദ്രന്‍നായര്‍ എംഎല്‍എയുടെയും മരണശേഷം കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു സഹായം നല്‍കിയതിനെതിരായ കേസുകള്‍ ലോകായുക്തയ്ക്കു മുന്നിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാലാ വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജിയും പരിഗണനയിലാണ്. ഏതായാലും മുഖ്യമന്ത്രി യു.എസില്‍ നിന്ന് രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കേരളത്തില്‍ വിവാദ കൊടുങ്കാറ്റ് ഉറപ്പായി.