അബുദാബി- വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് അബുദാബി. സന്ദര്‍ശകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമില്ലെന്നു വിനോദസഞ്ചാര, സാംസ്‌കാരിക വിഭാഗം (ഡിസിടി) വ്യക്തമാക്കി.
വാക്‌സിന്‍ എടുത്തവര്‍ രേഖകളും 14 ദിവസത്തിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് ഫലം കാണിക്കണം. മാതൃ രാജ്യത്തുനിന്ന് യാത്രക്ക് 48 മണിക്കൂറിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് ഫലവും വേണം.
വാക്‌സിന്‍ എടുക്കാത്തവര്‍ 96 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് ഫലം കാണിച്ചാല്‍ മതിയാകും. അതിര്‍ത്തിയിലെ ഇഡിഇ സ്‌കാനിങ്ങില്‍ രോഗ സൂചനയുണ്ടെങ്കില്‍ ഉടന്‍ സൗജന്യ ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കും.
20 മിനിറ്റിനകം ലഭിക്കുന്ന ഫലം പോസിറ്റീവാണെങ്കില്‍ ഹോട്ടലിലോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ ക്വാറന്റൈനില്‍ കഴിയണം.
വാക്‌സിന്‍ എടുത്തവര്‍ക്ക് അബുദാബിയില്‍ വേറെ പരിശോധനകളില്ല. ഗ്രീന്‍ രാജ്യങ്ങളില്‍നിന്ന് വാകസിന്‍ എടുക്കാതെ ദുബായ് വഴി അബുദാബിയിലേക്കു വന്നാലും ക്വാറന്റൈനില്ല. എന്നാല്‍ മറ്റു രാജ്യങ്ങളില്‍നിന്നാണ് വരുന്നതെങ്കില്‍ 10 ദിവസം ക്വാറന്റൈനുണ്ട്.