റിയാദ്- സൗദി കൊട്ടാരത്തില്‍ നിന്ന് 90 കിലോ തൂക്കമുള്ള ആഭരണങ്ങള്‍ കവര്‍ന്ന് തായ്‌ലന്റ് തൊഴിലാളി സ്വദേശത്തേക്ക് രക്ഷപ്പെതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ തുടക്കം. അക്കാലത്ത് രണ്ടു കോടി ഡോളര്‍ വിലയുള്ള ആഭരണങ്ങളാണ് തായ്‌ലന്റ് തൊഴിലാളി റിയാദിലെ കൊട്ടാരത്തില്‍ നിന്ന് കവര്‍ന്നത്. നാലു സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 18 പേര്‍ കൊല്ലപ്പെടാനും സൗദി അറേബ്യയും തായ്‌ലന്റും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനും ഈ സംഭവം ഇടയാക്കി.
1989 ലാണ് സംഭവങ്ങളുടെ തുടക്കം. കൊട്ടാര ഉടമകള്‍ വിദേശത്തായ തക്കത്തില്‍ പലതവണയായി ആഭരണങ്ങള്‍ കവര്‍ന്ന തായ്‌ലന്റ് തൊഴിലാളി ഇവ സ്വദേശത്തേക്ക് കടത്തുകയായിരുന്നു. ഉടമകള്‍ തിരിച്ചെത്തിയതോടെയാണ് സേഫില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഉടമകള്‍ സുരക്ഷാ വകുപ്പുകളെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊട്ടാരത്തിലെ പരിചാരകനെ കുറിച്ച് സംശയം തോന്നുകയും സൗദി സുരക്ഷാ വകുപ്പുകള്‍ തായ്‌ലന്റ് ഗവണ്‍മെന്റുമായി ബന്ധപ്പെടുകയും ചെയ്തു. 1990 ജനുവരി പത്തിന് തൊഴിലാളിയെ തായ്‌ലന്റ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ശേഷിക്കുന്ന ആഭരണങ്ങളും പണവും കൈമാറുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍ വാങ്ങിയ ആളുകളുടെ പേരുവിവരങ്ങളും തൊഴിലാളി വെളിപ്പെടുത്തി.
റിയാദിലെ കൊട്ടാരത്തില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന തായ്‌ലന്റ് തൊഴിലാളി
ഈ കേസില്‍ കുറ്റക്കാരനായ തൊഴിലാളിയെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. നല്ല നടപ്പ് കണക്കിലെടുത്ത് മാപ്പ് നല്‍കി മൂന്നു വര്‍ഷത്തിനു ശേഷം ജയിലില്‍ നിന്ന് ഇയാളെ വിട്ടയച്ചു. തൊഴിലാളി സൂക്ഷിച്ച ആഭരണങ്ങളും വില്‍പന നടത്തിയ ആഭരണങ്ങളില്‍ ഒരു ഭാഗവും സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്ത് റിയാദിലേക്ക് അയച്ചു. സൗദിയിലേക്ക് തിരിച്ചയച്ച ആഭരണങ്ങളില്‍ ഭൂരിഭാഗവും വ്യാജ ആഭരണങ്ങളാണെന്ന് പിന്നീട് വ്യക്തമായി. ലോകത്തെ അത്യപൂര്‍വ ഇനത്തില്‍ പെട്ട ബ്ലൂഡയമണ്ട് അടക്കമുള്ളവ നഷ്ടപ്പെട്ടിരുന്നു. ഇത് അടക്കം ആഭരണ ശേഖരത്തില്‍ നല്ലൊരു ഭാഗം ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. വീണ്ടെടുത്ത ആഭരണങ്ങള്‍ കവര്‍ന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ആഭരണങ്ങള്‍ മോഷണം പോയ ശേഷം കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നിരീക്ഷിക്കാന്‍ ബാങ്കോക്ക് സൗദി എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരായ അബ്ദുല്ല അല്‍ബസരി, അബ്ദുല്ല അല്‍മാലികി, ഫഹദ് അല്‍ബാഹിലി, അഹ്‌മദ് അല്‍സൈഫ് എന്നിവരെ ചുമതലപ്പെടുത്തി. കേസില്‍ ചില തായ്‌ലന്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതിനാല്‍ അന്വേഷണത്തിന് പ്രതിബന്ധങ്ങള്‍ നേരിട്ടു. പ്രതികളും കൂട്ടാളികളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയും അന്വേഷണ സംഘവുമായി സഹകരിച്ച ചിലരെ വധിക്കുകയും ചെയ്തു. സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ അബ്ദുല്ല അല്‍മാലികിയുടെ വധത്തിലേക്ക് കാര്യങ്ങള്‍ എത്തി. കാല്‍നടയായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അബ്ദുല്ല അല്‍മാലികിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നത്. അന്വേഷണ നിരീക്ഷണ ചുമതലയുണ്ടായിരുന്ന സൗദി സംഘത്തിലുണ്ടായിരുന്ന ശേഷിക്കുന്ന നയതന്ത്രജ്ഞരെയും പിന്നീട് വധിച്ചു.
ആഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട്, തായ്‌ലന്റില്‍ തനിക്കുള്ള വിപുലമായ ബന്ധങ്ങള്‍ ഉപയോഗിച്ച് സ്വന്തം നിലക്ക് അന്വേഷണം നടത്താന്‍ സൗദി വ്യവസായി മുഹമ്മദ് ബിന്‍ ഗാനിം അല്‍റുവൈലി ബാങ്കോക്കിലേക്ക് പോയി. ബാങ്കോക്കിലെത്തിയ ഇദ്ദേഹത്തെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു.
തട്ടിക്കൊണ്ടുപോയി വധിച്ച സൗദി വ്യവസായി മുഹമ്മദ് അല്‍റുവൈലി
ഇദ്ദേഹത്തിന്റെ ഫോണ്‍ കവര്‍ച്ച കേസില്‍ പങ്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി ടേപ്പ് ചെയ്തിരുന്നു. സൗദി നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഒരാളുടെ വധത്തിന് സാക്ഷിയായ മുഹമ്മദ് അല്‍റുവൈലിക്ക് കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരയുണ്ടായതോടെ തായ്‌ലന്റുകാര്‍ക്ക് വിസ അനുവദിക്കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു. സൗദി പൗരന്‍മാര്‍ തായ്‌ലന്റിലേക്ക് പോകുന്നത് വിലക്കുകയും ചെയ്തു. ഈ നടപടികള്‍ മൂലം സൗദിയിലെ തായ്‌ലന്റ് തൊഴിലാളികളുടെ എണ്ണം പതിനായിരമായി 2008 ല്‍ കുറഞ്ഞു. 1989 ല്‍ സൗദിയില്‍ രണ്ടു ലക്ഷത്തിലേറെ തായ്‌ലന്റ് തൊഴിലാളികളുണ്ടായിരുന്നു.
സൗദി നയതന്ത്ര ഉദ്യോഗസ്ഥരുടെ വധത്തിലും വ്യവസായ പ്രമുഖന്‍ മുഹമ്മദ് അല്‍റുവൈലിയെ തട്ടിക്കൊണ്ടുപോയി വധിച്ചതിലും പങ്കുണ്ടെന്ന് ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് തായ്‌ലന്റ് സ്ഥാനക്കയറ്റം നല്‍കിയതില്‍ ബാങ്കോക്ക് സൗദി എംബസി പ്രതിഷേധം പ്രകടിപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ തോതില്‍ വഷളായി. തായ്‌ലന്റില്‍ നിലവിലുള്ള നിയമത്തിന് വിരുദ്ധമായാണ് പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയതെന്നും സൗദി അറേബ്യയും തായ്‌ലന്റും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും സൗദി എംബസി പറഞ്ഞു. സൗദി അറേബ്യ നടത്തിയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് തായ്‌ലന്റ് പിന്‍വാങ്ങി.
സൗദി വ്യവസായി മുഹമ്മദ് അല്‍റുവൈലിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ 2014 മാര്‍ച്ചില്‍ തായ്‌ലന്റ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിച്ചു. മതിയായ തെളിവുകളില്ലാത്തതിനാല്‍ പ്രതികളെ വിചാരണ ചെയ്യാനാകില്ലെന്നായിരുന്നു കോടതി വിധി. ഇതിനെ അപലപിച്ച് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിറക്കി. രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്ന് അകന്ന് കേസുകളില്‍ തായ്‌ലന്റ് സുരക്ഷാ വകുപ്പുകള്‍ കടമകള്‍ നിര്‍വഹിക്കണമെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ആഭരണ മോഷണത്തില്‍ തായ്‌ലന്റ് പോലീസിലെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 2015 ല്‍ സൗദി അറേബ്യ ആരോപണം ഉന്നയിച്ചു. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ഇവരെ കോടതി ശിക്ഷിച്ചില്ല. തായ്‌ലന്റ് പോലീസ് മേധാവിയും പ്രതി പട്ടികയിലുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഗതിതിരിച്ചുവിട്ടതും ആഭരണ വ്യാപാരിക്കു മേല്‍ സമ്മര്‍ദം ചെലുത്തി അന്വേഷണത്തിന് പ്രതിബന്ധം സൃഷ്ടിച്ചതും തായ്‌ലന്റ് പോലീസ് മേധാവിയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തായ്‌ലന്റ് പോലീസിലെ നിരവധി ഉദ്യോഗസ്ഥര്‍ യൂനിഫോമിലുള്ള കള്ള•ാരാണെന്ന് ആഭരണ വ്യാപാരി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
1989 ലും 1990 ലും തായ്‌ലന്റില്‍ സൗദി പൗരന്‍മാര്‍ക്ക് നേരിട്ട ദുരന്തങ്ങളില്‍ തായ്‌ലന്റ് ഗവണ്‍മെന്റ് പിന്നീട് ക്ഷമാപണം നടത്തുകയും പുതിയ തെളിവുകള്‍ പ്രത്യക്ഷപ്പെടുന്ന പക്ഷം കേസുകളില്‍ പുനരന്വേഷണം നടത്തുമെന്നും കേസുകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.