റിയാദ് - സൗദി അറേബ്യയിൽ സിനിമാ തിയേറ്റർ ലൈസൻസ് നിയമാവലിക്ക് അംഗീകാരമായി. തിയേറ്ററുകൾ നിർമിക്കുന്നതിനും നടത്തുന്നതിനും മൂന്നു തരം ലൈസൻസുകളാണ് അനുവദിക്കുക.
സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ഡയറക്ടർ ബോർഡ് യോഗമാണ് നിയമാവലി അംഗീകരിച്ചത്. ഇതിനു മുന്നോടിയായി ആഭ്യന്തര, ധന, മുനിസിപ്പൽ മന്ത്രാലയങ്ങളുമായും സിവിൽ ഡിഫൻസ്, സൗദി കസ്റ്റംസ്, സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവ അടക്കമുള്ള സർക്കാർ വകുപ്പുകളുമായും ചർച്ച നടത്തിയിരുന്നു.
തിയേറ്ററുകൾ നിർമിക്കുന്നതിനുള്ള ലൈസൻസ്, സ്ഥിരം, താൽക്കാലിക തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ്, തിയേറ്റർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് എന്നിങ്ങനെ മൂന്നു തരം ലൈസൻസുകളാണ് അനുവദിക്കുകയെന്ന് നിയമാവലി വ്യക്തമാക്കുന്നു.
സാംസ്‌കാരിക സമ്പന്നതക്കും സർഗാത്മക വളർച്ചക്കും സിനിമാ മേഖല പ്രധാനമാണെന്ന് മന്ത്രി ഡോ. അവാദ് അൽഅവാദ് പറഞ്ഞു. സേവന, വിനോദ മേഖലക്ക് പ്രോത്സാഹനം നൽകുന്ന സിനിമാ വ്യവസായ മേഖല വലിയ വിപണിയിലേക്കുള്ള കവാടമാണ് തുറക്കുന്നത്. ഈ മേഖലയിൽ നിരവധി സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
മേഖലയിലെ ഏറ്റവും മികച്ച വിപണികളുമായി മത്സരിക്കുന്നതിനും അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിൽനിന്ന് പ്രേക്ഷകരെ സംരക്ഷിക്കുകയുമാണ് സിനിമാ വ്യവസായത്തിന് ലൈസൻസ് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ ഉള്ളടക്കം നിരീക്ഷിക്കും. മൂല്യങ്ങൾക്ക് നിരക്കുന്ന സിനിമകൾക്കു മാത്രമാണ് പ്രദർശനാനുമതിയുണ്ടാവുക. ശരീഅത്തിനും സദാചാര മൂല്യങ്ങൾക്കും വിരുദ്ധമായ സിനിമകൾ അനുവദിക്കില്ല.
സൗദിയിൽ തിയേറ്ററുകൾക്ക് ലൈസൻസ് അനുവദിക്കാൻ ഡിസംബർ 11 നാണ് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദിന്റെ അധ്യക്ഷതയിൽ ചേർന്ന ഓഡിയോവിഷ്വൽ മീഡിയ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്.
തിയേറ്റർ, സിനിമാ മേഖലയിൽ 2030 ഓടെ 30,000 സ്ഥിരം തൊഴിലവസരങ്ങളും 1,30,000 ത്തിലേറെ താൽക്കാലിക തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കുമെന്ന് കണക്കാക്കുന്നു.
മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് പ്രതിവർഷം 9000 കോടിയിലേറെ റിയാൽ ഈ മേഖല സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് സൗദിയിൽ വീണ്ടും സിനിമാ തിയേറ്ററുകൾ തുറക്കുന്നത്.