ന്യൂദൽഹി - ഐ.എസ്.എല്ലിന്റെ പേരിൽ അത്‌ലറ്റുകൾക്ക് സ്റ്റേഡിയം വിലക്കുകയാണെന്നും പലതവണ പരാതിപ്പെട്ടിട്ടും സ്‌പോർട്‌സ് മന്ത്രാലയം നടപടിയെടുക്കുന്നില്ലെന്നും ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. ഐ.എസ്.എൽ സീസൺ തുടങ്ങിയ ശേഷം അത്‌ലറ്റുകൾക്ക് പല നഗരങ്ങളിലും പരിശീലനം നടത്താനോ മത്സരം സംഘടിപ്പിക്കാനോ സ്റ്റേഡിയം കിട്ടാത്ത അവസ്ഥയാണ്. എല്ലായിടത്തും അത്‌ലറ്റിക്‌സ് വേദികൾ ഫുട്‌ബോൾ കൈയേറിയിരിക്കുകയാണ് -ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ അത്‌ലറ്റായ അഞ്ജു ചൂണ്ടിക്കാട്ടി.
'ബംഗളൂരു സായ് സെന്ററിലെ അത്‌ലറ്റിക് ട്രാക്ക് ഉഴുതുമറിച്ച് ഫുട്‌ബോൾ പരിശീലന ഗ്രൗണ്ടൊരുക്കാനുള്ള ശ്രമത്തിനെതിരെ സ്‌പോർട്‌സ് മന്ത്രാലയവുമായി പൊരുതേണ്ടി വന്നുവെന്ന് അഞ്ജു വെളിപ്പെടുത്തി. മുൻനിര അത്‌ലറ്റുകളാണ് ഇപ്പോൾ നിലനിൽപിനു വേണ്ടി പോരാടുന്നത്. അത്‌ലറ്റിക്‌സിൽ കേന്ദ്ര നിരീക്ഷക എന്ന നിലയിൽ സ്‌പോർട്‌സ് മന്ത്രാലയം ഒഫിഷ്യലുകളോട് പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി. സായ് സെന്ററിൽ ഫുട്‌ബോൾ പരിശീലന ഗ്രൗണ്ട് തയാറാക്കാനുള്ള നീക്കത്തിനെതിരെ പലതവണ എഴുതി. എന്തുകൊണ്ട് ഐ.എസ്.എല്ലുകാർക്ക് സ്വന്തം പരിശീലന ഗ്രൗണ്ട് നിർമിച്ചുകൂടാ? അത്‌ലറ്റുകൾക്ക് ഇന്ന് പരിശീലനം നടത്താനാവാത്ത അവസ്ഥയാണ്. ദൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം, ചെന്നൈ നെഹ്‌റു സ്റ്റേഡിയം ഒന്നും ഐ.എസ്.എൽ സീസണിൽ അത്‌ലറ്റുകൾക്ക് കിട്ടുന്നില്ല. അത്‌ലറ്റിക്‌സ് ഉദ്ദേശിച്ച് നിർമിച്ച, നല്ല ട്രാക്കുകളുള്ള സ്റ്റേഡിയങ്ങളാണ് ഇവയെല്ലാം. പരിശീലനത്തിന് പിന്നെ എവിടെയാണ് അത്‌ലറ്റുകൾ പോവുക?'
തിങ്കളാഴ്ച ആരംഭിക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിനെക്കുറിച്ച് വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് അഞ്ജു രോഷം കൊണ്ടത്. ഫുട്‌ബോളിനു വേണ്ടി അത്‌ലറ്റിക്‌സിനെ സർക്കാർ ബലി കഴിക്കുകയാണെന്നും ഈ വർഷത്തെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ദൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് എൻ.ഐ.എസ് പട്യാലയിലേക്ക് മാറ്റാൻ നിർബന്ധിതമായെന്നും ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ സെക്രട്ടറി സി.കെ. വാൽസൻ ചൂണ്ടിക്കാട്ടി. ഐ.എസ്.എല്ലിൽ ദൽഹി ഡൈനാമോസിന്റെ അവസാന ഹോം മത്സരം ഇന്നാണ്.
സ്റ്റേഡിയങ്ങൾ നിലനിർത്തുന്നതിന് ഐ.എസ്.എൽ ടീമുകളിൽ നിന്ന് കിട്ടുന്ന പണം പ്രധാനമാണെന്ന് സായ് പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്താൻ അത്‌ലറ്റിക്‌സ് ഫെഡറേഷനിൽനിന്ന് സായിക്ക് പണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സ്റ്റേഡിയങ്ങളെല്ലാം വിവിധ കായിക ഇനങ്ങൾക്ക് ഉപയോഗിക്കാവുന്നവയാണ്. ഓരോ കായിക ഫെഡറേഷനും നേരത്തെ പദ്ധതി തയാറാക്കണം -അദ്ദേഹം വിശദീകരിച്ചു.
സ്റ്റേഡിയം ഒരു സീസണിൽ ഉപയോഗിക്കാൻ ഓരോ ഐ.എസ്.എൽ ഫ്രാഞ്ചൈസിയും 1-1.5 കോടി രൂപ സായിക്ക് നൽകുന്നുണ്ടെന്ന് ദൽഹി ഡൈനാമോസ് വക്താവ് ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് ദൽഹി നൽകുന്നത് 1.2 കോടിയാണ്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനായി ചെന്നൈയൻ എഫ്.സി നൽകുന്നത് 1.7 കോടി രൂപയും. ബംഗളൂരു എഫ്.സി 1.2 കോടിയും എ.ടി.കെ ഒരു കോടി രൂപയും ചെലവഴിച്ചു. ഇത്ര ഭീമമായ തുക നൽകിയാണ് തങ്ങൾ സ്റ്റേഡിയം ഉപയോഗിക്കുന്നതെന്ന് വക്താവ് വിശദീകരിച്ചു.