മസ്‌കത്ത് - ഒമാൻ ഫുട്‌ബോളർ മുൻദിർ ബിൻ അലി അൽഹറാസി കളിക്കളത്തിൽ കുഞ്ഞുവീണു മരിച്ചതായി അൽറുസ്താഖ് സ്‌പോർട്‌സ് ക്ലബ്ബ് അറിയിച്ചു. അൽറുസ്താഖ് ഡിസ്ട്രിക്ടിലെ ജമാ അൽഅഹ്‌ലി ക്ലബ്ബ് കളിക്കാരനായിരുന്നു. ഞായറാഴ്ചയാണ് മുൻദിർ അൽഹറാസി കളിക്കളത്തിൽ ബോധരഹിതനായി വീണത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ജമാ അൽഅഹ്‌ലി, അൽറുസ്താഖ് ക്ലബ്ബുകളിലെ മുൻ താരം അലി ബിൻ സഈദ് അൽഹറാസിയുടെ മകനാണ് മുൻദിർ അൽഹറാസി. ഒമാൻ ലീഗിനിടെ കളിക്കളത്തിൽ മരണപ്പെടുന്ന ആദ്യത്തെ ഫുട്‌ബോളറല്ല മുൻദിർ അൽഹറാസി. മസ്‌കത്ത് ക്ലബ് താരം മുഖല്ലദ് അൽറഖാദി 2021 ഡിസംബറിൽ തന്റെ ടീമിന്റെ മത്സരത്തിനു തൊട്ടുമുമ്പ് വാം-അപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.