ആലപ്പുഴ- കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിൽ വീണ്ടുമൊരു ശക്തമായ ത്രികോണ മൽസരത്തിന് സാധ്യത. കുംഭച്ചൂടിൽ തിളച്ചുമറിയുന്ന ഓണാട്ടുകരയുടെ ഭാഗമായ ചെങ്ങന്നൂരിലെ രാഷ്ട്രീയച്ചൂളയിൽ സ്ഥാനാർഥികളെ മെനഞ്ഞെടുക്കുകയാണ് മുന്നണികൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.എസ് ശ്രീധരൻ പിള്ളയിലൂടെ ബി.ജെ.പി വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചതോടെ, ഇടതു-വലതു മുന്നണികൾ ബലപരീക്ഷണത്തിന് പതിനെട്ടടവും പയറ്റേണ്ടിവരും. ഏതായാലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തും മുമ്പെ മുന്നണികൾ പ്രചാരണം ആരംഭിച്ച മട്ടാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ആദിവാസി മധുവിന്റെ കൊലപാതകം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലായ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുമ്പോൾ സംസ്ഥാന സമ്മേളനത്തിലൂടെ നേടിയെടുത്ത ആത്മവിശ്വാസം കൈമുതലാക്കിയാണ് സി.പി.എം പോരാട്ടത്തിന് തയാറെടുക്കുന്നത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സി.പി.എമ്മും ബി.ജെ.പിയും ഇന്നലെ ചെങ്ങന്നൂരിൽ യോഗം ചേർന്നു.
രാഷ്ട്രീയത്തിനപ്പുറം സമുദായ സമവാക്യത്തിനാണ് ചെങ്ങന്നൂരിൽ എക്കാലവും പ്രാമുഖ്യം. ആ പതിവ് ഇത്തവണയും തെറ്റുമെന്ന് തോന്നുന്നില്ല. 32 ശതമാനത്തോളം നായർ വോട്ടും 24 ശതമാനം ഈഴവ വോട്ടും 30 ശതമാനം വരുന്ന ക്രിസ്ത്യൻ വോട്ടുമാണ് ഇവിടെ ജയപരാജയങ്ങൾ നിർണയിക്കുക. അവരുടെ സ്വാധീനം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിലും ചെലുത്താറുണ്ട്.
ഇത്തവണ നേരത്തെ തന്നെ സ്ഥാനാർഥികൾ ഔദ്യോഗികമായി രംഗപ്രവേശം ചെയ്യും. ഏതായാലും മൂന്നുമുന്നണിയിലെയും സ്ഥാനാർഥികളുടെ പറഞ്ഞുകേൾക്കുന്ന പേരുകൾ നോക്കിയാൽ മൂന്നുപേരും ചെങ്ങന്നൂർ മണ്ഡലക്കാരാണ്. സജി ചെറിയാൻ മുഴക്കുഴയും എം. മുരളി മണ്ഡലത്തിൽപെട്ട ചെന്നിത്തലക്കാരനുമാണ്. കോഴിക്കോട്ട് താമസമാക്കിയെങ്കിലും ചെങ്ങന്നൂരിലെ വെൺമണിയാണ് ശ്രീധരൻ പിള്ളയുടെ സ്വദേശം.
ഇടതു-വലതു മുന്നണികൾക്ക് വിജയമല്ലാതൊന്നും ചിന്തിക്കാൻ കഴിയാത്ത തെരഞ്ഞെടുപ്പാണിത്. പിണറായി സർക്കാരിന്റെ ഇതു വരെയുള്ള ഭരണത്തിന്റെ വിലയിരുത്തലായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് ഇടതുമുന്നണിയിൽ തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. തന്നെയുമല്ല, സിറ്റിംഗ് സീറ്റ് കൈവിട്ടുപോകുന്നതിൽപരം നാണക്കേട് മറ്റൊന്നുമുണ്ടാകാനുമില്ല. അതുകൊണ്ടു തന്നെയാണ് സി.പി.എം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ചെങ്ങന്നൂരിൽ വിജയമല്ലാതൊന്നും പാർട്ടിയും സർക്കാരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നില്ലെന്ന് കണിശമായി പറഞ്ഞത്. അതുകൊണ്ടു തന്നെ സ്ഥാനാർഥി ആരാകണമെന്നതു സംബന്ധിച്ചും ജില്ലാ നേതൃത്വത്തിൽ കടുത്ത ആശങ്കയുണ്ട്.
ഇതുവരെ പാർട്ടിയുടെ വിവിധ തലങ്ങളിൽ നടന്ന അനൗദ്യോഗിക ചർച്ചകളിലെല്ലാം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരാണ് ഉയർന്നത്. സി.പി.എമ്മിന്റെ ഇതുവരെയുള്ള കീഴ്‌വഴക്കമനുസരിച്ച് ജില്ലാ സെക്രട്ടറിമാർ മൽസര രംഗത്തേക്ക് വരാറില്ല. പതിവിനു വിപരീതമായി ചെങ്ങന്നൂരിൽ സെക്രട്ടറി സജി ചെറിയാൻ തന്നെ മൽസരിക്കുമെന്നാണ് അറിയുന്നത്. ശക്തമായ മൽസരം ഉണ്ടാകുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആലോചിക്കാൻ ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി യോഗം ചെങ്ങന്നൂരിൽ നടന്നു. ഈ യോഗത്തിലും സജി ചെറിയാന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചത്.
നടി മഞ്ജുവാര്യർ, സി.പി.എം പ്രാദേശിക നേതാവ് വിശ്വംഭര പണിക്കർ, സംസ്ഥാന സമിതി അംഗം അഡ്വ. സി.എസ് സുജാത, അന്തരിച്ച കെ.കെ രാമചന്ദ്രൻ നായരുടെ ഭാര്യ പൊന്നുമണി എന്നിവരുടെ പേരുകളും ഉയർന്നെങ്കിലും സജി ചെറിയാനാണ് അംഗീകാരം ലഭിച്ചതത്രേ. മണ്ഡലത്തിൽ സുപരിചതനായ ആളെന്നതിലുപരി യു.ഡി.എഫും ബി.ജെ.പിയും നായർ സമുദായത്തെ ഉന്നംവച്ച് സ്ഥാനാർഥികളെ നിർണയിച്ചാൽ ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണ സജി ചെറിയാനിലൂടെ നേടിയെടുക്കാമെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്. യു.ഡി.എഫും ബി.ജെ.പിയും നായർ സമുദായംഗങ്ങളെ നിർത്തിയാൽ ഹിന്ദു വോട്ടുകൾ വീതം വെച്ചുപോവുകയും ആ വിടവിലൂടെ കയറിപ്പറ്റാമെന്നും കണക്കുകൂട്ടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം യോഗത്തിൽ സംബന്ധിച്ചവർ വ്യക്തമാക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം പ്രാദേശിക നേതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളിലെ ഇടതു മെമ്പർമാരുടെയും യോഗങ്ങളിലും കോടിയേരി പങ്കുകൊണ്ടു.
സജി ഒരു മാസമായി മണ്ഡലത്തിലുടനീളം വിവിധ പരിപാടികളിൽ പങ്കെടുത്ത് സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. വിവിധ വകുപ്പുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇവിടുത്തുകാർക്ക് ലഭ്യമാക്കുന്നതിന് സജി ചെറിയാൻ നേരിട്ടിടപെടുന്നു. റോഡുകൾക്കും പാലങ്ങൾക്കുമുള്ള ഫണ്ട് ഉറപ്പാക്കി നിർമാണത്തിന് ഭരണാനുമതി നേടിയെടുക്കുന്നു. ജോലി പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം സജിയുടെ മേൽനോട്ടത്തിൽ നടന്നുവരികയാണ്.
കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യത്തിൽ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് കോൺഗ്രസിന് പ്രസ്റ്റീജ് ഇഷ്യൂ ആണ്. പ്രത്യേകിച്ച് മാണി ഇടഞ്ഞുനിൽക്കുന്ന ഘട്ടത്തിൽ. അതിന് എന്തും പ്രയോഗിക്കാനാണ് നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ തവണ ബി.ജെ.പി ശക്തമായി നിലകൊണ്ടപ്പോൾ ശ്രീധരൻ പിള്ള വിജയിക്കുമെന്ന അഭ്യൂഹം ഉടലെടുത്തു. യു.ഡി.എഫ് വോട്ടുകൾ ശ്രീധരൻ പിള്ളയുടെ പെട്ടിയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായി. ബി.ജെ.പിയുടെ വിജയം തടയുകയായിരുന്നു അന്നത്തെ ലക്ഷ്യം. അങ്ങനെ കൊല്ലകടവ് ഉൾപ്പെടെ മുസ്‌ലിംകളും മറ്റുവിഭാഗങ്ങളും കൂടുതലുള്ള പ്രദേശങ്ങളിൽ സി.പി.എം സ്ഥാനാർഥിക്ക് വോട്ട് മറിച്ചു. അതാണ് ശക്തമായ ത്രികോണ മൽസരത്തിൽ സി.പി.എമ്മിലെ കെ.കെ രാമചന്ദ്രൻ നായർ വിജയം കണ്ടത്. ഇത്തവണ സാഹചര്യം മനസ്സിലാക്കി നേരത്തെ അടവുകൾ രൂപപ്പെടുത്താനാണ് യു.ഡി.എഫ് നീക്കം.
വിഷ്ണുനാഥ് പിന്മാറിയപ്പോൾ ഉദയം ചെയ്ത എം. മുരളിക്ക് നിരവധി അനുകൂല ഘടകങ്ങളാണ് കോൺഗ്രസ് കാണുന്നത്. നായർ സമുദായംഗമായ മുരളിക്ക് എൻ.എസ്.എസ് നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കരുതാം. എൻ.എസ്.എസ് നേതൃത്വത്തിന്റെ അടുത്തയാളാണ് മുരളി. അതുകൊണ്ടു തന്നെയാണ് രമേശ് ചെന്നിത്തല മുരളിയുടെ സ്ഥാനാർഥിത്വത്തിന് അനുമതി നൽകിയതും. എ വിഭാഗത്തിന്റെ സീറ്റായ ചെങ്ങന്നൂർ അതേ വിഭാഗത്തിൽപ്പെട്ട മുരളിക്ക് നൽകുന്നതിൽ ഉമ്മൻ ചാണ്ടിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എ.കെ ആന്റണിയുടെ പിന്തുണയും മുരളിക്കുണ്ട്. നായർ വോട്ടുകൾക്കു പുറമെ കോൺഗ്രസ് ഇവിടെ ക്രിസ്ത്യൻ വോട്ടുകളും ലക്ഷ്യം വെയ്ക്കുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിലെ ഓർത്തഡോക്‌സ് വിഭാഗത്തിനാണ് ചെങ്ങന്നൂരിൽ മുൻതൂക്കം. അതുകൊണ്ട് അവരുടെ വോട്ട് ഉറപ്പാക്കേണ്ട ചുമതല മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിക്ഷിപ്തമാകും. മധ്യതിരുവിതാകൂറിലെ ഓർത്തഡോക്‌സ് സഭയിൽ അവരുടെ മെത്രാനേക്കാൾ സ്വാധീനം ഉമ്മൻ ചാണ്ടിക്കാണെന്നാണ് അണിയറ സംസാരം. മെത്രാൻ പറഞ്ഞാൽ 4 ശതമാനം പേരേ കേൾക്കാനിടയുള്ളൂ. തന്നെയുമല്ല, സഭയിൽ ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ രക്തസാക്ഷി പരിവേഷവുമാണ്. ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും ഒഴിവാകേണ്ടിവന്നതാണ്. അതുകൊണ്ട് സഭാ മക്കളോട് ഉമ്മൻ ചാണ്ടി വെയ്ക്കുന്ന ആവശ്യത്തോട് ആരും പുറംതിരിഞ്ഞു നിൽക്കില്ല. എ വിഭാഗം നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തന്നെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി ചെങ്ങന്നൂരിൽ നിയോഗിച്ചിരിക്കുന്നതും.
എൻ.ഡി.എ സ്ഥാനാർഥിയായി താൻ ഇക്കുറി ഉണ്ടാകില്ലെന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറയുന്നുണ്ടെങ്കിലും ഇന്നലെ ചെങ്ങന്നൂരിൽ ചേർന്ന ബി.ജെ.പി സംസ്ഥാന സമിതിയുടെ പ്രത്യേക യോഗത്തിൽ അദ്ദേഹത്തെ തന്നെ മൽസരിപ്പിക്കാൻ തീരുമാനമായി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരും ചിലർ നിർദേശിച്ചെങ്കിലും കുമ്മനം തന്നെയാണ് ശ്രീധരൻ പിള്ള മൽസരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 15000 മുതൽ 18000 വരെ വോട്ടുകളാണ് ബി.ജെ.പിക്ക് ചെങ്ങന്നൂർ മണ്ഡലത്തിലുണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ളയുടെ വ്യക്തപ്രഭാവത്തിലൂടെ അത് 42000 ൽപരമാക്കാൻ കഴിഞ്ഞുവെന്ന് യോഗം വിലയിരുത്തി.
അടുത്ത വർഷം നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാകുമെന്ന് കണക്കാക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എല്ലാ കക്ഷികൾക്കും അവരവരുടെ സ്വാധീനം ഉറപ്പാക്കേണ്ടതുണ്ട്. ഇടതുമുന്നണിയിൽ കയറിക്കൂടാൻ ശ്രമം നടത്തുന്ന കേരളാ കോൺഗ്രസിനും കെ.എം മാണിക്കും ചെങ്ങന്നൂരിൽ ശക്തി തെളിയിക്കേണ്ടത് അത്യാവശ്യമാണ്. മാണിയുടെ പിന്തുണ ഉറപ്പാക്കാൻ സി.പി.എം ശ്രമിക്കുമ്പോൾ മാണിക്ക് ചെങ്ങന്നൂരിൽ കാര്യമായ സ്വാധീനം ഇല്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഏതായാലും ശക്തമായ ത്രികോണ മൽസരത്തിന് ചെങ്ങന്നൂർ സാക്ഷ്യം വഹിക്കുമെന്നതിൽ സംശയമില്ല.