Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കമിട്ടത് പിണറായി -കെ. സുധാകരൻ


കണ്ണൂർ - കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകത്തിനു തുടക്കമിട്ട പിണറായി വിജയനാണ് തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നും ക്രിമിനലെന്ന പദവി ഏറ്റവും അനുയോജ്യം പിണറായിക്കാണെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തെരുവിൽ കള്ളു കുടിച്ച് സംസാരിക്കുന്നതു പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തെളിവുകളൊന്നുമില്ലാതെ നിയമസഭയിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. തന്നെ ക്രിമിനലും കൊലപാതകിയുമൊക്കെയായി ചിത്രീകരിക്കാൻ വർഷങ്ങളായി സി.പി.എം നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കയാണ്. 
അൽപമെങ്കിലും മാനം ബാക്കിയുണ്ടെങ്കിൽ പിണറായി തന്റെ തെറ്റ് ഏറ്റുപറഞ്ഞ് നിയമസഭയോട് മാപ്പു പറയണം. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകത്തിനു തുടക്കമിട്ട തലശ്ശേരിയിലെ വാടിക്കൽ രാമകൃഷ്ണൻ കൊലപാതകത്തിൽ മൂന്നാം പ്രതിയാണ് പിണറായി. നീല ഷർട്ടും മഞ്ഞ മുണ്ടുമണിഞ്ഞ് പിണറായി കൈയിൽ വാളുമായി രാമകൃഷ്ണനെ വെട്ടുന്നത് കണ്ടവർ ഇപ്പോഴും തലശ്ശേരിയിൽ ജീവിച്ചിരിപ്പുണ്ട്. ഈ കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്ന കോൺഗ്രസ് ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപിയെ കുത്തി വീഴ്ത്തിയത് പിണറായിയാണ്. ഗോപി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇരുപത്തിയാറു വർഷം സന്തത സഹചാരിയായിരുന്ന പിണറായിയിലെ ബാബുവുമായി തെറ്റിയപ്പോൾ, ഇയാൾ തലശ്ശരിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ഈയാളുടെ മൃതദേഹം കാണാൻ പോലും ആരും പോകരുതെന്ന് ഊരുവിലക്കു പ്രഖ്യാപിക്കുകയും ചെയ്തയാളാണ് പിണറായി. കോൺഗ്രസ് പ്രവർത്തകരാണ് അന്ന് ബാബുവിന്റെ ശവസംസ്‌കാരം നടത്തിയത്. മൃതദേഹത്തോടു പോലും ക്രൂരത കാട്ടിയ ആളാണ് പിണറായി വിജയൻ. വാടിക്കൽ രാമകൃഷ്ണൻ വധം തങ്ങൾ നടത്തിയതാണെന്നും വയലിലെ പണിക്കു വരമ്പത്ത് കൂലി കൊടുത്തതാണെന്നും ജില്ലാ സെക്രട്ടറി പി.ജയരാജൻ തന്നെ അടുത്ത കാലത്ത് സമ്മതിച്ചിട്ടുണ്ട്  -സുധാകരൻ ആരോപിച്ചു. 
ഒരു കത്തി ഉപയോഗിച്ചു പോലും ആരെയും ഭീഷണിപ്പെടുത്താത്ത ആളാണ് താൻ. തോക്കും വെടിയുണ്ടയുമായി നടക്കുന്നത് ആരാണെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. താനുമായി ബന്ധപ്പെട്ട് പിണറായി പറഞ്ഞ നാല് കൊലപാതകങ്ങളുമായും തനിക്കു ബന്ധമില്ല. അതിൽ മൂന്നെണ്ണം സി.പി.എം നടത്തിയ അക്രമത്തിനു പിന്നാലെ നടന്നതാണ്. നാൽപാടി വാസു വധക്കേസ് തന്റെ അറിവോടെ നടന്നതല്ല. കോൺഗ്രസ് ജാഥയെ സി.പി.എം പ്രവർത്തകർ ആക്രമിച്ചപ്പോൾ തന്റെ ജീവൻ രക്ഷിക്കാൻ ഗൺമാൻ വെടിയുതിർത്തത് അബദ്ധത്തിൽ വാസുവിന്റെ ദേഹത്തു കൊള്ളുകയായിരുന്നു. വാസു സി.പി.എം പ്രവർത്തകനോ അനുഭാവിയോ അല്ല. അയാളെ പിന്നീട് സി.പി.എം രക്തസാക്ഷി ആക്കുകയായിരുന്നു. ഇതാണ് യാഥാർഥ്യം -സുധാകരൻ പറഞ്ഞു. 
ഇ.പി.ജയരാജനെ വെടിവെച്ച കേസിൽ താൻ പ്രതിയല്ല. സി.പി.എം കൊടുത്ത പട്ടികയിൽ ആന്ധ്ര പോലീസ് അന്വേഷണം നടത്തുകയും തനിക്കു പങ്കില്ലെന്നു ബോധ്യമായതിനാൽ തന്നെ ഒഴിവാക്കുകയുമായിരുന്നു. യഥാർഥത്തിൽ ജയരാജനു വെടിയേറ്റുവോ എന്ന കാര്യം തന്നെ സംശയമാണ്. ജയരാജന്റെ കഴുത്തിൽ വെടിയുണ്ടയുണ്ടെന്ന് മെഡിക്കൽ ബോർഡിനു മുമ്പാകെ തെളിയിച്ചാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വെല്ലുവിളിക്കുന്നു -സുധാകരൻ വ്യക്തമാക്കി. 

 

Latest News