റിയാദ് - ഡ്രൈവിംഗിനിടെ പുകവലിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പിഴശിക്ഷ ലഭിക്കുന്ന നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിംഗിനിടെ റോഡിൽനിന്ന് ശ്രദ്ധ തിരിക്കുന്ന ഏതു കാര്യവും നിയമ ലംഘനമാണ്. കാറുകളുടെ പിൻവശത്തെ ബംപറുകളിൽ സ്‌നാപ് ചാറ്റ് ഐ.ഡി അടക്കമുള്ള വാചകങ്ങൾ രേഖപ്പെടുത്തുന്നതും നിയമാനുസൃത നടപടികൾ പൂർത്തിയാക്കാതെ വാഹനങ്ങളുടെ ബോഡിയിൽ മാറ്റം വരുത്തുന്നതും നിയമ ലംഘനമാണ്.
വാഹനങ്ങളുടെ ഡാഷ്‌ബോർഡിൽ സാധനങ്ങൾ വെക്കുന്നത് നിയമ ലംഘനമല്ല. സിഗ്നലിൽ വലതു വശത്തേക്ക് കാറുകൾ തിരിക്കുന്നതും നിയമ ലംഘനമല്ല. ഡ്രൈവിംഗിനിടെ കൈകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ക്യാമറകൾ അടങ്ങിയ ഓട്ടോമാറ്റിക് സംവിധാനം വഴി നിരീക്ഷിച്ച് കണ്ടെത്തിപിഴ ചുമത്തുന്ന പദ്ധതി തിങ്കളാഴ്ച മുതൽ റിയാദിലും ജിദ്ദയിലും ദമാമിലും നിലവിൽവരും.