റിയാദ്- സൗദി അറേബ്യക്കും യു.എ.ഇക്കുംനേരെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി.
സൗദിയിലെ ദഹറാന്‍ അല്‍ ജുനൂബ് ലക്ഷ്യമിട്ട് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹൂത്തികള്‍ മിസൈല്‍ തൊടുത്തത്. യു.എ.ഇ തലസ്ഥാനമായ അബുദാബി ലക്ഷ്യമിട്ടായിരുന്നു ഹൂത്തി മിസൈല്‍.
സൗദിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ ദഹറാന്‍ അല്‍ ജുനൂബ് വ്യാവസായിക സോണില്‍ പതിച്ചു. ആളപായമോ പരിക്കോ ഇല്ലെങ്കിലും നാശനഷ്ടങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യെമനിലെ അല്‍ ജൗഫില്‍ മിസൈലുകള്‍ തൊടുക്കുന്ന കേന്ദ്രം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.
അബുദാബിക്ക് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി യു.ഇ.എ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.