Sorry, you need to enable JavaScript to visit this website.

'ഒരു തെരുവിന്റെ കഥ'യ്ക്ക് നാടകാവിഷ്‌കാരം

നാടകത്തിൽ നിന്നൊരു രംഗം
വിജയൻ വി. നായർ

ചരിത്രത്തിൽ രേഖപ്പെടുത്താതെ കാല യവനികക്കുള്ളിൽ മറഞ്ഞുപോയവർ. ഇവരെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ജീവിതമാകുന്ന നാടകത്തിലെ അവരുടേതായ ഭാഗങ്ങൾ തന്മയത്വത്തോടെ അഭിനയിച്ചു തീർത്തവരായിരുന്നു. ആരോടും പരിഭവമില്ലാതെ സന്തോഷവും കണ്ണീരും സ്വയം പങ്കിട്ടെടുത്ത് തങ്ങളുടേതായ ജീവിതദൗത്യം പൂർത്തിയാക്കാൻ പെടാപ്പാടു പെട്ട് പരാജയപ്പെട്ടവരായിരുന്നു. ഇവരുടെ പേരുകൾ, ജീവിതങ്ങൾ നാമാരും ഓർത്തിരിക്കുന്നില്ല. മാഞ്ഞുപോയി അവർ, ഒരോർമ്മപോലും അവശേഷിപ്പിക്കപ്പെടാതെ. ശവക്കുഴിയിൽ... പട്ടടയിൽ... വെറും മണ്ണിൽ... എെന്നന്നേക്കുമായി... പക്ഷേ, അവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ഇന്നും നിലകൊള്ളുന്നു... പൊട്ടിച്ചിരിച്ചുകൊണ്ടും പൊട്ടിക്കരഞ്ഞുകൊണ്ടും പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. ഒരു തുടർക്കഥ പോലെ...
എസ്.കെ.പൊറ്റെക്കാടിന്റെ 'ഒരു തെരുവിന്റെ കഥ' പുനർജനിക്കുകയാണ്. ലാസർ എന്ന ഓമഞ്ചിയും കേളു മാഷും ആശാരി പറങ്ങോടനും ആമിനയും കൃഷ്ണക്കുറുപ്പും തുടങ്ങി തെരുവിലെ കഥാപാത്രങ്ങളോരോരുത്തരായി നമുക്കു മുന്നിൽ ഉയിർത്തെഴുന്നേൽക്കുന്നു. പറയഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലെ വേദിയിൽ കഥാകാരൻ ഓരോരുത്തരെയായി പരിചയപ്പെടുത്തിയപ്പോൾ അത് പഴയ കാലത്തേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയായിരുന്നു.
എസ്.കെ. വളർന്ന പുതിയറയിലെ സാഹിത്യ പ്രേമികളാണ് തെരുവിന്റെ കഥയിലെ കഥാപാത്രങ്ങളെ വീണ്ടും കാണികൾക്കു മുന്നിൽ അവതരിപ്പിക്കാൻ മുൻകൈയെടുത്തത്. അവർ രൂപം നൽകിയ ചന്ദ്രകാന്തം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് നാടകം അരങ്ങേറിയത്.
വായനയിലൂടെ മാത്രമറിഞ്ഞ കഥാപാത്രങ്ങൾ അരങ്ങിലെത്തിയപ്പോൾ സഫലമായത് ഒരു നാടിന്റെ സ്വപ്‌നം കൂടിയാണ്. മിഠായിത്തെരുവിലൂടെ നടന്നുമറഞ്ഞ ഒരു കൂട്ടമാളുകളുടെ ജീവിതചിത്രം ഇന്നും മലയാളികൾക്ക് ഏറെയിഷ്ടമാണെന്ന് തെളിയിക്കുകയായിരുന്നു നാടകം കാണാനെത്തിയവരുടെ തിരക്ക്. കോഴിക്കോട് നഗരത്തിന്റെ ചൂടും ചൂരുമുള്ള ഒരു തെരുവിന്റെ കഥയിലൂടെ 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനും എസ്.കെ. അർഹനായിരുന്നു. പുതിയറയുടെ കഥാകാരന് പുതിയറക്കാർ നൽകുന്ന ഓർമോപഹാരമായിരുന്നു ഈ നാടകം. ഈ ഉപഹാരം യാഥാർഥ്യമാക്കാൻ അവർ തേടിയെത്തിയത് നാടകനടനും സംവധായകനുമെല്ലാമായ വിജയൻ വി.നായരെയായിരുന്നു. ആ കണ്ടെത്തൽ വൃഥാവിലായില്ല. ഭാവനാസമ്പന്നമായി സംഭാഷണമൊരുക്കിയ എം.കെ.രവിവർമ്മയും ഈ നാടകത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കു വഹിച്ചു.
നിരവധി കഥാപാത്രങ്ങൾ മിന്നിമറയുന്ന തെരുവിന്റെ കഥയിൽ ഇത്രയും കഥാപാത്രങ്ങളെ എങ്ങനെ അരങ്ങിലെത്തിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. മിഠായിത്തെരുവിനെപ്പറ്റിയും ആ വഴിയിലൂടെ നീങ്ങിയ ജഡ്ക പോലുള്ള വാഹനങ്ങളെക്കുറിച്ചുമെല്ലാം നാടകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇതെല്ലാം രണ്ടു മണിക്കൂർ സ്‌റ്റേജിൽ എങ്ങനെ കൊണ്ടുവന്നു എന്നു ചോദിച്ചപ്പോൾ വിജയൻ വി.നായർ ഇങ്ങനെയാണ് മറുപടി പറഞ്ഞത്. തെരുവിന്റെ കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഈ നാടകം. ഇത് അരങ്ങിലെത്തിക്കാൻ ചില മുറിച്ചുമാറ്റലുകളും കൂട്ടിച്ചേർക്കലുകളുമെല്ലാമുണ്ടായിട്ടുണ്ട്. കഥാകാരൻ തന്നെ വേദിയിലെത്തി തന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ചില കഥാപാത്രങ്ങളെ പറഞ്ഞു പോകുന്നേയുള്ളൂ. മിഠായിത്തെരുവിനെ അതേപടി ദൃശ്യവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തിൽ നോവലിനോട് അങ്ങേയറ്റം നീതി പുലർത്താൻ നാടകത്തിലൂടെ കഴിഞ്ഞു.
കൊടുവള്ളി ഹരീഷ് പണിക്കരാണ് എസ്.കെയായി വേദിയിലെത്തിയത്. ഓമഞ്ചിയായി സുരേഷ് കോഴിക്കോടും കേളു മാഷായി കെ.എസ്.കോയയുമെത്തി. കൃഷ്ണക്കുറുപ്പായി ജയറാമും അപ്പുണ്ണിയായി മനോജ് മാവൂരും ആശാരി പറങ്ങോടനായി ടി.പി.ബാലചന്ദ്രനും ആമിനത്താത്തയായി ഷൈലജ രാധാകൃഷ്ണനും രാധയായി അനു കൃഷ്ണയും ദേവകിയമ്മയായി ജയശ്രീയും വേഷമിട്ടു. ഇവരെക്കൂടാതെ ഒട്ടേറെ കഥാപാത്രങ്ങൾ വേദിയിലെത്തുന്നുണ്ട്. എസ്.കെയുടെ നാട്ടിൽതന്നെ ആദ്യമായി ഈ നാടകം അവതരിപ്പിക്കണമെന്നതിനാലാണ് പറയഞ്ചേരി സ്‌കൂളിൽ വേദിയൊരുക്കിയതെന്ന് ചന്ദ്രകാന്തം സാംസ്‌കാരിക വേദി പ്രസിഡന്റ് പി.ദിവാകരനും പറഞ്ഞു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് ഈ കൂട്ടായ്മക്ക് ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നു.
തെരുവിന്റെ കഥ അരങ്ങിലെത്തിയപ്പോൾ വിജയൻ വി.നായർ എന്ന അഭിനേതാവിന്റെ ജീവിതത്തിൽ അത് മറ്റൊരു പൊൻതൂവലാവുകയായിരുന്നു. സംവിധാന രംഗത്ത് നൂറുമേനിയുടെ നിറവായിരുന്നു ഇത്. നൂറാമത്തെ നാടകമാണ് സംവിധാനം ചെയ്യുന്നതെന്ന് ഈ നാടകപ്രേമി തിരിച്ചറിയുന്നത് വളരെ വൈകിയാണ്. അതോടെ ഇദ്ദേഹത്തെയും ആദരിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. എം.കെ.രാഘവൻ എം.പിയാണ് പൊന്നാട ചാർത്തി ഇദ്ദേഹത്തെ ആദരിച്ചത്.
''എസ്.കെയുടെ കഥ നാടകമാക്കി അവതരിപ്പിക്കണമെന്നത് കുട്ടിക്കാലം തൊട്ടേയുള്ള മോഹമായിരുന്നു. ആ മോഹം സഫലമായത് ഇപ്പോഴാണ്. സംവിധാന രംഗത്ത് തന്റെ നൂറാമത്തെ നാടകമായത് മറ്റൊരു സൗഭാഗ്യം. എന്തുകൊണ്ടും വല്ലാത്തൊരു ആവേശത്തിലാണിപ്പോൾ.'' -അദ്ദേഹം പറയുന്നു.
കോഴിക്കോടൻ നാടക വേദിക്ക് മറക്കാനാവാത്ത നിരവധി അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച ഈ അഭിനേതാവ് നൂറ്റി അൻപതോളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആദ്യമായി സംവിധാന രംഗത്തെത്തിയത് ഡോ.ഇന്ദുകുമാറിന്റെ തൃഷ്ണയിലൂടെയായിരുന്നു.
കാരാളി കൊളക്കാട്ട് വേലായുധൻ നായരുടെയും തയ്യാടിപറമ്പിൽ ലീലയുടെയും മകനായാണ് ടി.പി.വിജയകുമാർ എന്ന വിജയൻ വി.നായർ ജനിച്ചത്. പുതിയറ ബി.ഇ.എം യു.പി. സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്രിസ്മസ് പാപ്പായുടെ റോളിൽ അരങ്ങിലെത്തുന്നത്. ക്ലാസ് ടീച്ചറായിരുന്ന റോസി ടീച്ചറായിരുന്നു പ്രോത്സാഹിപ്പിച്ചത്. അതൊരു സോളോ ഡ്രാമയായിരുന്നു. രണ്ടു പേജിൽ എഴുതിയ ഡയലോഗുകൾ കാണാപ്പാഠം പഠിച്ച് പറയുകയായിരുന്നു. പിന്നീട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിലെത്തിയതോടെ നാടക രംഗത്ത് സജീവമായി.
സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പൂർണമായും അരങ്ങിന്റെ ഭാഗമാവുകയായിരുന്നു. പത്താം ക്ലാസ് പഠന കാലത്ത് വീഴ്ച എന്ന നാടകം രചനയും സംവിധാനവും നിർവഹിച്ച് അരങ്ങിലെത്തിച്ചു. തുടർന്ന് ബാലജന സഖ്യത്തിലൂടെ കലാ രംഗത്ത് ശ്രദ്ധയൂന്നിയ വിജയൻ എഴുപതുകളിൽ കോഴിക്കോട്ട് സജീവമായിരുന്ന യൂക്ക് എന്ന കലാ സമിതിയിലൂടെയായിരുന്നു തുടക്കം. ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ ചേർന്നായിരുന്നു യൂക്കിന് രൂപം നൽകിയത്. അഭിനയത്തിനു പുറമെ നാടക രചനയിലേയ്ക്കും സംവിധാനത്തിലേക്കുമെല്ലാമുള്ള വളർച്ച അവിടെ തുടങ്ങുകയായിരുന്നു. സംവേദം, ബലിക്കല്ല്, പുഷ്പാഞ്ജലി തുടങ്ങിയ നാടകങ്ങൾ രചനയും സംവിധാനവും നിർവഹിച്ച് രംഗത്തവതരിപ്പിച്ച വിജയൻ പ്രശസ്ത നാടക ട്രൂപ്പായ അണിയറയിലെത്തുകയായിരുന്നു. യൂക്കിൽ നിന്നും അണിയറയിലെത്തിയതോടെ ഈ അഭിനേതാവിന്റെ ഭാവനകൾക്ക് കൂടുതൽ തിളക്കം വന്നു. 40 വർഷത്തോളമായി അരങ്ങിന്റെ ഭാഗമായി കഴിയുന്ന വിജയൻ വിവിധ നാടകങ്ങളിലായി നൂറ്റി അൻപതോളം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിനു പുറമെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. പി.വി.ഉണ്ണികൃഷ്ണന്റെ പകർന്നാട്ടം എന്ന നാടകത്തിലൂടെ മികച്ച നടനുള്ള 2000 ലെ കേരള സംഗീത നാടക അക്കാദമി അവാർഡിന് അർഹനായി. ഒരു റിഹേഴ്‌സൽ ക്യാമ്പിനെ ചുറ്റിപ്പറ്റിയുള്ള ഈ നാടകത്തിൽ ടോമി തോമസ് എന്ന അനാഥബാലന്റെ അഞ്ചു മുതൽ 120 വയസ്സു വരെയുള്ള ഘട്ടങ്ങളാണ് ഒൻപതു വേഷങ്ങളിലൂടെ വിജയൻ അവതരിപ്പിച്ചത്. പി.എം.താജിന്റെ 'ഇന്നേടത്ത് ഇന്നവൻ' എന്ന നാടകത്തിലെ ഇടയ്ക്ക വായിക്കുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിജയന്റെ അഭിനയ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളിലൊന്നായിരുന്നു. കൂടാതെ 'ശങ്കരൻ ശവാസനത്തിലാണ്' എന്ന നാടകത്തിലെ ശങ്കരന്റെ വേഷവും ശ്രദ്ധേയമായിരുന്നു. കോഴിക്കോട് കോർപറേഷൻ നടത്തിയ അഖില കേരള നാടക മത്സരത്തിൽ അഞ്ച് പുരസ്‌കാരങ്ങളാണ് ശങ്കരൻ ശവാസനത്തിലാണ് എന്ന നാടകം കരസ്ഥമാക്കിയത്. തറവാട് ഭാഗം വെച്ചതിൽ ശങ്കരന് കിട്ടിയത് ഒരു കിണറും അലക്കുകല്ലും മാത്രം. ഗ്രാമവാസികളുടെ കുടിവെള്ള സ്രോതസ്സായിരുന്നു ആ കിണർ. എന്നാൽ ഒരു ദിവസം ഈ കിണറിനും വില പറയാൻ ആളുകളെത്തുന്നു. ഭാവിയിൽ ജലം കിട്ടാക്കനിയാകുമെന്നും ഇനിയൊരു യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്ന സന്ദേശവുമാണ് ഈ നാടകം നൽകുന്നത്. ഒടുവിൽ ജീവിതത്തിനും സ്വപ്‌നത്തിനുമിടയിലുള്ള മായികാവസ്ഥയിലെത്തുന്ന ശങ്കരൻ മരണത്തെ പുൽകുകയായിരുന്നു. മികച്ച നടനും നടിക്കും സംവിധാനത്തിനും രചനക്കുമെല്ലാം പുരസ്‌കാരം നേടിയ ഈ നാടകത്തിൽ ശങ്കരനായി ജീവിക്കുകയായിരുന്നു വിജയൻ. പി.എം.താജിന്റെ നാടുവാഴികൾ, കനലാട്ടം, പെരുങ്കള്ളൻ, പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ ഭരതവാക്യം, കഥാവശേഷൻ, ആന്റൺ ചെക്കോവിന്റെ പ്രൊപ്പോസൽ തുടങ്ങിയ നാടകങ്ങൾ വിജയന്റെ അഭിനയ സിദ്ധി വെളിവാക്കിയവയായിരുന്നെങ്കിൽ പ്രിയപ്പെട്ട അവിവാഹിതൻ, മധ്യമാവധി, മതിൽ, തറവാട്ടച്ഛൻ തുടങ്ങിയ നാടകങ്ങൾ സംവിധാന ചാതുരിയാൽ അനുഗൃഹീതമായവയാണ്. സാധാരണക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കളിയൊരുക്കം എന്ന തിയേറ്റർ ഗ്രൂപ്പ് വിജയന്റെ നേതൃത്വത്തിൽ ഇന്നും സജീവമായുണ്ട്. 
രഞ്ജിത് ഒരുക്കിയ പാലേരി മാണിക്യത്തിലെ വേലായുധനെ ആർക്കും മറക്കാനാവില്ല. അഭിനയ ജീവിതത്തിൽ ഒരു ബ്രേക്കായിരുന്നു ഈ ചിത്രമെന്ന് വിജയനും സമ്മതിക്കുന്നുണ്ട്. നിരവധി പരമ്പരകളിലും ടെലി ഫിലിമുകളിലുമെല്ലാം വേഷമിട്ട വിജയൻ, അടൂരിന്റെ നിഴൽക്കുത്തിലെ ഗ്രാമീണൻ, ലെനിൻ രാജേന്ദ്രന്റെ അന്യരിലെ മുസ്‌ലിം കഥാപാത്രം, ബഌസിയുടെ തന്മാത്രയിലെ രാഷ്ട്രീയക്കാരൻ, കെ.പി.ശശിയുടെ സൈലന്റ് പ്ലീസ് എന്ന ചിത്രത്തിലെ സ്‌കൂൾ പ്രിൻസിപ്പൽ തുടങ്ങി കൊച്ചുകൊച്ചു വേഷങ്ങളിലൂടെ മലയാള സിനിമയിൽ വേഷമിട്ടു. കൂടാതെ ജയരാജിന്റെ ഗുൽമോഹർ, രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി, പ്രാഞ്ചിയേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഇതിനിടയിൽ ജഗ്‌മോഹൻ മുന്ദ്ര സംവിധാനം ചെയ്ത ബാക് വാട്ടേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിൽ ഹൗസ് ബോട്ട് ക്യാപ്റ്റനായും അഭിനയിച്ചു. 
നാടകത്തിന് ആസ്വാദകർ കൂടി വരുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഇടക്കാലത്ത് പ്രേക്ഷകർ നാടകങ്ങളിൽ നിന്നും അകന്നു പോയിരുന്നു. അതിനു കാരണക്കാർ നാടക രചയിതാക്കൾ തന്നെയാണ്. കാരണം ജനങ്ങളോട് സംവദിക്കാത്ത നാടകങ്ങളായിരുന്നു അവയിൽ പലതും. മലയാളത്തിൽ നാടകസംസ്‌കാരം വളർന്നു കഴിഞ്ഞാൽ മാത്രമേ അതിനെ ഉപജീവന മാർഗമായി കാണാനാവൂ. വിദേശങ്ങളിൽ നാടകം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവിടെ നാടകങ്ങൾക്ക് സ്‌പോൺസർമാരുമുണ്ട്. ഇവിടെ അത്തരം അവസരങ്ങളില്ലാത്തതാണ് നാടക ലോകത്തിന് വളരാനാവാത്തത്.'' -വിജയൻ പറയുന്നു.
തെരുവിന്റെ കഥയിലെ അനശ്വര കഥാപാത്രങ്ങളെ അരങ്ങിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ നാടകപ്രേമി. ഒപ്പം ഒരു ദേശം മുഴുവൻ തന്നെ അംഗീകരിക്കുന്നതിലുള്ള ആത്മസംതൃപ്തിയും. 

Latest News