Sorry, you need to enable JavaScript to visit this website.

'കോഴിക്കോട് കെ.എസ്.ആര്‍.ടി.സി  കെട്ടിടത്തിന് പ്രശ്‌നമില്ല, തൂണുകള്‍  ബലപ്പെടുത്തിയാല്‍ മതി' 

കോഴിക്കോട്- കോഴിക്കോട്ട് കെഎസ്ആര്‍ടിസിയുടെ കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. തൂണുകള്‍ മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് വിദഗ്ദ്ധ സമിതി കണ്ടെത്തല്‍. ഈ മാസം അവസാനം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ് തുടങ്ങിയ അന്വേഷണം ഇതോടെ എങ്ങുമെത്തില്ലെന്നുറപ്പായി.
70 കോടിരൂപയിലേറെ ചെലവിട്ട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയം അപകടാവസ്ഥയിലെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ട്, കെട്ടിടം ഉടന്‍ ബലപ്പെടുത്തണമെന്ന നിര്‍ദ്ദേശം, നിര്‍മ്മാണത്തിലെ ക്രമക്കേടും അഴിമതിയും ആരോപിച്ച് വിജിലന്‍സ് എടുത്ത കേസ് തുടങ്ങിയവയ്‌ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.ഐഐടി റിപ്പോര്‍ട്ടിനെ തളളി സര്‍ക്കാര്‍നിയോഗിച്ച സമിതി കഴിഞ്ഞ മാസം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ അതേ കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുമുളളത്. കെട്ടിടത്തിന് കാര്യമായ പ്രശ്‌നങ്ങളില്ല. മദ്രാസ് ഐഐടിയുടെ നിഗമനങ്ങളില്‍ പാളിച്ചയുണ്ട്. ഘടനാപരമായി മറ്റ് പ്രശ്‌നങ്ങളില്ലെന്നും തൂണുകള്‍ മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടിന്റെ ഉളളടക്കം.
പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ സ്വീകാര്യമെന്ന് നിലപാടെടുത്ത ഗതാഗതവകുപ്പ്, അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ഈ മാസമവസാനം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളനുസരിച്ച് ബലപ്പെടുത്തല്‍ നടപടികള്‍ക്ക് ഉടന്‍ തുടക്കമിടും. നിര്‍മ്മാണത്തില്‍ പിഴവുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് നേരത്തെ പ്രാഥമികാന്വേഷണത്തിന് തുടക്കമിട്ടിരുന്നു. ആര്‍ക്കിടെക്റ്റ് ആര്‍ കെ രമേശ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് മൊഴിയുമെടുത്തു. ഐഐടി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു വിജിലന്‍സ് അന്വേഷണമെന്നിരിക്കെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണത്തിന്റെയും മുനെയാടിക്കുന്നതാണ്. കെഎസ്ആര്‍ടിസി ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ എസ്. ഹരികുമാര്‍ അധ്യക്ഷനായി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ വിദഗ്ധരുള്‍പ്പടുന്ന സംഘമാണ് ഐഐടി റിപ്പോര്‍ട്ട് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 

Latest News