ആലപ്പുഴ- കാര്‍ത്തികപ്പള്ളി വലിയ കുളങ്ങരയില്‍ ചതുപ്പിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ആദ്യം ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമായില്ലെങ്കിലും തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ മൃതദേഹം തിരിച്ചറിഞ്ഞു. ഒക്ടോബര്‍ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റേതാണ് മൃതദേഹം.
സേവ്യറിന്റെ തിരോധാനത്തില്‍ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിര്‍മ്മാണ ജോലികള്‍ക്കായി വന്നതായിരുന്നു സേവ്യര്‍. മറ്റ് ജോലിക്കാര്‍ക്ക് ഒപ്പം ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. ഒക്ടോബര്‍ 14 ന് രാത്രി മുതലാണ് സേവ്യറിനെ കാണാതായത്. കന്യാകുമാരിയില്‍ നിന്ന് സേവ്യറിന്റെ ഭാര്യ സുജയടക്കമുള്ള കുടുംബാംഗങ്ങള്‍ നേരിട്ടെത്തിയാണ് തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.