കല്‍പറ്റ-മുത്തങ്ങ പൊന്‍കുഴിക്കു സമീപം മദ്ദൂരില്‍ നവംബര്‍ രണ്ടാംവാരം അറസ്റ്റിലായ മാവോയിസ്റ്റ് കബനി ദളം കമാന്‍ഡര്‍ സാവിത്രി എന്ന രജിതയുമായി(33) പോലീസ് വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലുള്ള സാവിത്രിയെ തലപ്പുഴ, തിരുനെല്ലി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ തലപ്പുഴ സ്റ്റേഷന്‍ പരിധിയിലെ കമ്പമല, കാപ്പിക്കളം, പേര്യ അയനിക്കല്‍, തിരുനെല്ലി സ്റ്റേഷന്‍ പരിധിയിലെ തിരുനെല്ലി എന്നിവിടങ്ങളിലായിരുന്നു വെള്ളി, ശനി ദിവസങ്ങളില്‍ തെളിവെടുപ്പ്. രണ്ടു ദിവസത്തേക്കാണ് സാവിത്രിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
സി.പി.ഐ(മാവോയിസ്റ്റ്)കേന്ദ്ര സമിതിയംഗവും പശ്ചിമഘട്ട മേഖല കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി.കൃഷ്ണമൂര്‍ത്തിക്കൊപ്പമാണ് കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന സാവിത്രിയെ അറസ്റ്റു ചെയ്തത്. ഇരുവരെയും നവംബര്‍ 10നാണ് എ.ടി.എസ് കണ്ണൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൃഷ്ണമൂര്‍ത്തിയില്‍നിന്നു അഞ്ചര ലക്ഷം രൂപ, 50 മെമ്മറി കാര്‍ഡ്, മൂന്നു ഫോണ്‍, ഐ പാഡ്്, ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ എന്നിവ പിടിച്ചെടുത്തിരുന്നു. നേരത്തേ കൃഷ്ണമൂര്‍ത്തിയെ എഴും സാവിത്രിയെ മൂന്നും ദിവസം എ.ടി.എസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കരിക്കോട്ടക്കരി, ആറളം പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു ഇത്.
കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘത്തില്‍പ്പെട്ടവരാണ് കൃഷ്ണമൂര്‍ത്തിയും സാവിത്രിയും. കര്‍ണാടകയിലെ ചിക്മംഗളൂരു സ്വദേശികളാണ് ഇവര്‍. മാവോയിസ്റ്റ് കബനി ദളം ഡെപ്യൂട്ടി കമാന്‍ഡന്റ് പുല്‍പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമു ഒക്ടോബര്‍ 25നു രാത്രി വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണമൂര്‍ത്തിയും സാവിത്രിയും പിടിയിലായത്. കര്‍ണാടകയില്‍ മാത്രം 50 ഓളം മാവോയിസ്റ്റ് കേസുകളില്‍ പ്രതിയാണ് കൃഷ്ണമൂര്‍ത്തി. വയനാട്ടില്‍ ഇദ്ദേഹത്തിനെതിരേ കേസില്ല. കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി സാവിത്രിക്കെതിരെ 18 കേസുകളാണുള്ളത്. 2018ല്‍ കേരള സര്‍ക്കാര്‍ മാവോവാദി കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ പോലീസ് വയനാട്ടിലടക്കം വിവിധ സ്ഥലങ്ങളില്‍ പതിച്ച ബഹുവര്‍ണ പോസ്റ്ററുകളില്‍ കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.